കൊളംബോ: കൊളംബോയില്‍ കലാപാന്തരീക്ഷം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വീട് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കൈയേറി.
സുരക്ഷാസേനകളെ മറികടന്ന പ്രക്ഷോഭകര്‍ കാന്‍ഡി റെയില്‍വേ സ്റ്റേഷന് കൈയടക്കി.പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ പിടിച്ചെടുത്തു. കൂടുതല്‍ പ്രക്ഷോഭകാരികള്‍ ട്രെയിനില്‍ കൊളംബോയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഗോതബായ രജപക്സെ സൈനിക ആസ്ഥാനത്തെത്തിയെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കപ്പലില്‍ രാജ്യം വിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീലങ്കയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭത്തിനിടെ കൊളംബോയില്‍ 33 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ലങ്കന്‍ കായിക താരങ്ങളും പ്രക്ഷോഭത്തില്‍ അണിനിരന്നിട്ടുണ്ട്.
സനത് ജയസൂര്യ ഉള്‍പ്പടെയുള്ള കായികതാരങ്ങളാണ് പ്രക്ഷോഭ നിരയിലുള്ളത്.അതേസമയം, ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അടിയന്തരയോഗം വിളിച്ചു.
നീന്തൽകുളത്തിൽ ആറാടി പ്രക്ഷോഭകർ; അടുക്കളയ്ക്കും രക്ഷയില്ല
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ ഔദ്യോഗിക വസതി കൈയടക്കിയ പ്രക്ഷോഭകർ നീന്തൽക്കുളത്തിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വസതിയുടെ അടുക്കളയിൽ കയറിയ ജനക്കൂട്ടം ഭക്ഷണ വസ്തുക്കൾ എടുത്തു കഴിച്ചു.
പ്രസിഡന്റിന്റെ കിടപ്പ് മുറിയിലും പ്രക്ഷോഭകർ ആറാടുകയാണ്. ജനക്കൂട്ടം ഇവിടെ നിന്നെല്ലാം സെൽഫി പകർത്തി പ്രചരിപ്പിക്കുന്നുണ്ട്. സൈന്യം കനത്ത സുരക്ഷ നൽകിയിരുന്ന പ്രസിഡന്റിന്റെ വസതിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് കണ്ണുതള്ളുകയാണ് ആളുകൾ.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞത്.
സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്സെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെട്ടു.