കൊളംബോ: പ്രതിഷേധക്കാർ ഔദ്യോഗിക വസതി കൈയേറിയതിനു തൊട്ടുമുൻപ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ നാവികസേനയുടെ കപ്പലിൽ രക്ഷപെട്ടതായി റിപ്പോർട്ട്.
നാവികസേനയുടെ കപ്പലിൽ സ്യൂട്ട്കേസുകൾ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രസിഡന്റ് രക്ഷപെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സ്യൂട്ട്കേസുകൾ ഗോതബായയുടെ ആണെന്ന് ലങ്കൻ മാധ്യമങ്ങൾ പറയുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ എസ്എൽഎൻഎസ് ഗജബാഹു എന്ന കപ്പലിലേക്ക് മൂന്ന് പേർ വലിയ സ്യൂട്ട്കേസുകൾ കയറ്റുന്നതാണ് കാണുന്നത്. മൂന്ന് പേരും ധൃതിയിൽ ഓടുന്നതും വീഡിയോയിൽ കാണാം.
ഒരു സംഘം എസ്എൽഎൻഎസ് സിന്ദുരല, എസ്എൽഎൻഎസ് ഗജബാഹു എന്നിവയിൽ കയറി തുറമുഖം വിട്ടതായി കൊളംബോ തുറമുഖത്തെ ഹാർബർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂസ് 1 ചാനൽ റിപ്പോർട്ട് ചെയ്തു.
കപ്പലിൽ കയറിവരെ സംബന്ധിച്ച് വിവരങ്ങൾ നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി പ്രസിഡന്റിനെ സൈനിക ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു.
പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ ഓഫീസും ഔദ്യോഗിക വസതിയും പിടിച്ചടക്കിയിട്ടുണ്ട്.