കോട്ടയം: കോട്ടയം സബ് ജയിലിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി ബിനുമോനെ കുറിച്ചുള്ള സൂചന ലഭിച്ചെന്ന് പോലീസ്. സുഹൃത്തിന്റെ അടുത്തേക്കാണ് ഇയാൾ പോയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
ബിനുമോൻ നൽകിയ എട്ട് ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇയാൾ ജയിൽചാടിയത്. ജയിലിലെ അടുക്കളയിൽ പലക വച്ചാണ് ഇയാൾ പുറത്ത് കടന്നത്.
മതിൽ ചാടി റോഡിലെത്തിയ ഇയാൾ ഇവിടെ നിന്നും കെകെ റോഡിലേക്ക് പോയെന്നാണ് പോലീസിന്റെ അനുമാനം.
കെകെ റോഡിൽ എത്തിയ ഇയാൾ ഏതെങ്കിലും വാഹനത്തിൽ കയറി സ്ഥലം വിട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.
രാവില സെല്ലിൽ നിന്നും ഇറക്കിയ ശേഷം അടുക്കളയിലെ ഡ്യൂട്ടിക്ക് എത്തിയ ശേഷമാണ് ഇയാൾ മുങ്ങിയത്.
നേരത്തെ, ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ ഭാര്യയോട് തനിക്ക് എങ്ങനെയെങ്കിലും പുറത്ത് കടക്കണമെന്ന് ഇയാൾ പറഞ്ഞിരുന്നു.
ഷാൻ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലാം പ്രതിയാണ് ബിനുമോൻ. ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയത്.