കൊച്ചി: ഹൈക്കോടതിക്ക് സമീപം താമസിക്കുന്ന യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
വിഷയത്തില്‍ പോലീസ് കടുത്ത നിസംഗത പുലര്‍ത്തുന്നതായി മരണപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ജൂണ്‍ ഒന്നിനാണ് എറണാകുളം ഹൈക്കോടതിക്ക് സമീപം താമസിക്കുന്ന സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
സംഭവം നടന്ന് 40 ദിവസമായിട്ടും ആത്മഹത്യ പ്രേരണക്കേസിലെ പ്രതിയും, ഇവരുടെ ഭര്‍ത്താവുമായ സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ സുമേഷ് ബ്രോഡ്വേയില് സ്വന്തമായി കട നടത്തുകയാണ്.
സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാളുടെ രാഷ്ട്രീയ ബന്ധമാണ് അറസ്റ്റിന് തടസമെന്നാണ് സംഗീതയുടെ കുടുംബത്തിന്റെ പ്രധാന ആരോപണം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
എന്നാല്‍ വിവാഹം കഴിഞ്ഞ ദിവസം മുതല്‍ തന്നെ ജാതിയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും സംഗീതയെ പീഡിപ്പിക്കുക പതിവായിരുന്നു.
താഴ്ന്ന ജാതിയാണെന്ന കാരണത്താല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.
ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ ആരും ഉപയോഗിക്കാതിരിക്കാന്‍ മാറ്റി വച്ചു. ഭര്‍ത്താവും കുടുംബവും പലതവണ അപമാനിച്ചു.
വീട്ടില്‍ നിന്ന് ഇറക്കി വിടുകയും പുറത്തു നിര്‍ത്തുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മനോരോഗിയാണെന്ന് സ്ഥാപിക്കാന്‍ ഡോക്ടര്‍മാരുടെ അടുത്ത് ചികിത്സ കൊണ്ടുപോയിരുന്നുവെന്നും സംഗീതയുടെ പിതാവ് സജീവന്, സഹോദരിമാരായ സജ്ന, സലീന എന്നിവര്‍ ആരോപിച്ചു.
സംഗീത മേയ് 31ന് സുമേഷിനെ കാണാന്‍ എറണാകുളത്തെ കടയില്‍ ചെല്ലുകയും എന്തെങ്കിലും ജോലിക്ക് പോയിട്ടാണെങ്കിലും തരാനുള്ള സ്ത്രീധനം തരാമെന്ന് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ സ്ത്രീധനം തന്നു തീര്‍ക്കാതെയും വീട്ടുകാര്‍ വന്നു കാലു പിടിക്കാതെയും തനിക്ക് കൂടെ ജീവിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് സുമേഷ് തിരിച്ചയച്ചു.
തുടര്‍ന്ന് സംഗീത എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് മുഖവിലയ്ക്കെടുത്തില്ല.
കുടുംബത്തെ വിളിച്ചുവരുത്തി മടക്കി വിടുകയും അടുത്ത ദിവസം രാവിലെ സ്റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്.
രാവിലെ സ്റ്റേഷനില്‍ രണ്ടു പേരെയും വിളിപ്പിച്ച പോലീസ് കാര്യമായ നടപടിയോ പരിഹാരമോ ഒന്നും കാണാതെ പെണ്‍കുട്ടിയെ വീട്ടിലാക്കാന്‍ നിര്‍ദേശിച്ചു. വീട്ടിലെത്തിയതിനു പിന്നാലെ സംഗീത ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇത് കണ്ടുനിന്ന സുമേഷ് സംഗീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം മരണപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ തൊട്ടടുത്തുള്ള വീട്ടില്‍ പറയാതെ അകലെയുള്ള വീട്ടില്‍ പറഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.