റാന്നി: വീടിനുള്ളില്‍ യുവതിയും കുഞ്ഞും തീപൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവതിയുടെ അമ്മയും, സഹോദരനും ചേര്‍ന്ന് റാന്നി ഡിവൈഎസ്പിക്ക് പരാതി നല്കി.
മുമ്പ് യുവതിയുടെ ഭര്‍തൃഗൃഹത്തിനു സമീപമുള്ള പ്രദേശവാസികള്‍, ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.
ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ(23), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് കഴിഞ്ഞ ഏപ്രില്‍ നാലിന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
അമ്മയുടെയും മകളുടെയും മരണം പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും, അന്വേഷണം നടക്കുന്നില്ലെന്നു കാട്ടിയാണ് നാട്ടുകാര്‍ മനുഷ്യവകാശ കമ്മീഷനു പരാതി നല്‍കിയത്.
പിന്നീടു അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതിനെത്തുടര്‍ന്നാണ് വീണ്ടും ബന്ധുക്കള്‍ റാന്നി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
ചെറിയ കുപ്പിയിലെ മണ്ണണ്ണ ഒഴിച്ചാണ് തീ കത്തിച്ചതെന്നാണു പ്രചരിക്കുന്നത്, എന്നാല്‍ വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്ത ഒരു സാഹചര്യവും കാണുന്നില്ല.
അടുത്തടുത്ത വീടുകളിലാണ് ആളുകൾ താമസിക്കുന്നതെങ്കിലും ഒരു ശബ്ദവും കേട്ടില്ലെന്നാണ് പറയുന്നത്.പിന്നിട് നാട്ടുകാര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയപ്പോള്‍ യുവതി ആത്മഹത്യ ചെയ്ത താണെന്ന് സ്ഥാപിക്കുന്നതിനു വേണ്ടി യുവതിയുടെ കൈയക്ഷരവുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു ആത്മഹത്യ കുറിപ്പാണ് കാണിച്ചതെന്നും പറയുന്നു.