മുക്കം: ശക്തമായ മഴയിലും സംസ്ഥാന പാതയിൽ കോൺക്രീറ്റ് പ്രവൃത്തി നടത്തുന്നതായി പരാതി.
രാവിലെ മുതൽ ശക്തമായ മഴ പെയ്ത് റോഡിൽ നിറയെ വെള്ളമായിട്ടും അതൊന്നും ഗൗനിക്കാതെ സംസ്ഥാന പാതത്തിൽ കോൺക്രീറ്റ് പ്രവൃത്തി തകൃതിയായി നടക്കുകയായിരുന്നു.
എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി മുത്തേരിയിൽ നടക്കുന്ന ഓവുചാൽ നിർമാണത്തിനെതിരെയാണ് നാട്ടുകാരുടെ പരാതി.
ഇതിനെ തുടർന്ന് നാട്ടുകാർ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ വിവരമറിയിച്ചപ്പോൾ ചെറിയ മഴയത്ത് കോൺക്രീറ്റ് ചെയ്യുന്നതിൽ പ്രശ്നമില്ല എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
ശക്തമായ മഴയിൽ കുത്തിയൊലിച്ചു വരുന്ന മഴവെള്ളത്തിനിടയിലായിരുന്നു മഴക്കോട്ട് ധരിച്ചെത്തിയ തൊഴിലാളികൾ കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.
സംസ്ഥാനപാതയുടെ ഡ്രൈനേജ് നിർമാണത്തിൽ നിരവധി ആക്ഷേപങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്.
സംസ്ഥാനപാതയിൽ നിരവധി അപകടങ്ങൾ നടന്നിട്ടുള്ള മുത്തേരി വളവിനോട് ചേർന്നാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.
മഴയത്ത് നടത്തിയ പ്രവൃത്തി ചോദ്യം ചെയ്തപ്പോൾ അധികൃതർ ധിക്കാരപരമായാണ് പെരുമാറിയതെന്നും സംസ്ഥാനപാത നവീകരണത്തിലെ അപാകതകൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും നിരവധി തവണ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാര് പറയുന്നു.