തിരുവനന്തപുരം: ഒരു വർഗീയ വാദിയുടെ വോട്ടും തനിക്ക് വേണ്ട. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. താൻ പങ്കെടുത്ത പുസ്തകപ്രകാശന ചടങ്ങ് ആര്‍എസ്എസ് പരിപാടിയായിരുന്നില്ല. പി.പരമേശ്വരന്റെ പുസ്തക പ്രകാശനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി.പരമേശ്വരനെ ആര്‍എസ്എസ് നേതാവായി മാത്രം കാണാനാകില്ല. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് എം.പി വീരേന്ദ്രകുമാറാണെന്നും സതീശൻ പറഞ്ഞു.
പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനാണ്. തനിക്കെതിരായ വിമര്‍ശനങ്ങള്‍ വിഎസിനും ബാധകമാണെന്നും സതീശന് ചോദിച്ചു.
ഭരണഘടനയ്ക്കെതിരേ മുൻമന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഗോൾവാൾക്കറുടെ വിചാരധാരയിലെ ആശയങ്ങളാണെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു. ഇക്കാര്യം ആര്‍എസ്എസ്- സിപിഎം നേതാക്കളാരും ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആർഎസ്എസുമായി ഒരു തരത്തിലും സമരസപ്പെടാൻ കോൺഗ്രസ് തയാറാകില്ല. അത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടാണ്. ഒരു വർഗീയ വാദിയുടെ വോട്ടും തനിക്ക് വേണ്ടെന്നും സതീശൻ വ്യക്തമാക്കി.