വൈപ്പിന്‍: വസ്തു വാങ്ങിയതില്‍ കമ്മീഷന് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം നോര്‍ത്ത് എസ്എന്‍ഡിപി ശാഖ സെക്രട്ടറിയുടെ തലക്കടിച്ചതായി പരാതി.
സിപിഎം ബ്രാഞ്ച് സെക്രട്ടറികൂടിയായ നായരമ്പലം ഉണ്ണിയമ്പത്ത് അനീഷിനാണ് അടിയേറ്റത്. ഇന്നലെ വൈകിട്ട് 3.30 നായിരുന്നു സംഭവം.
തലയ്ക്ക് പട്ടിക കൊണ്ടുള്ള അടിയേറ്റ അനീഷിനെ ആദ്യം ഞാറക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എസ്എന്‍ഡിപി ശാഖ മൂന്ന് മാസം മുന്‍പ് നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു.
ഇതിന്റെ കമ്മീഷന് ആവശ്യപ്പെട്ട് നായരമ്പലം സ്വദേശിയായ ഒരു യുവാവാണ് അനീഷിനെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വൈപ്പിന്‍ എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ടി.ബി. ജോഷി, കെ.പി. ഗോപാലകൃഷ്ണന്, സി.കെ. ഗോപാലകൃഷ്ണന് എന്നിവര്‍ ആശുപത്രിയില്‍ അനീഷിനെ സന്ദര്‍ശിച്ചു.
ആക്രമണത്തില്‍ യൂണിയന് പ്രതിഷേധം രേഖപ്പെടുത്തുകയും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.