പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, കുട്ടിയുടെ അമ്മയുടെ സുഹൃത്തും അമ്മയും പിടിയില്‍.
കോയിപ്രം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പെരുനാട് കൊല്ലം പറമ്പില്‍ ഷിബു ദേവസ്യയാണ് (46) അറസ്റ്റിലായത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.
അമ്മയുടെ സഹായത്തോടെയെന്ന്…
കുട്ടിയും അമ്മയും താമസിക്കുന്ന വീട്ടില്‍ നിന്നു കുറ്റൂര്‍ തലയാറുള്ള വാടകവീട്ടില്‍ എത്തിച്ച് ഷിബു പീഡിപ്പിച്ചെന്നാണ് കേസ്.
അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. കുട്ടിയുടെ പരാതിയെതുടര്‍ന്ന് കോയിപ്രം പോലീസ് കഴിഞ്ഞമാസം 16 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ ഷിബു ദേവസ്യ.
ഫോൺ കുടുക്കി
കേസ് എടുത്തതിനെതുടര്‍ന്ന് ഒളിവില്‍ പോയ ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ആലപ്പുഴ പൂച്ചാക്കല്‍ ഉണ്ടെന്ന് വ്യക്തമായി.
വനിതാപോലീസ് ഉള്‍പ്പെടെയുള്ള സംഘം അവിടെയെത്തി കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍, കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഇയാളുടെ വാടകവീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു, മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
സംഘത്തില്‍ എസ്ഐ അനൂപ്, എഎസ്ഐമാരായ സുധീഷ്, വിനോദ്, എസ്സിപിഒ ജോബിന് ജോണ്‍, സിപിഒ രശ്മി എന്നിവരും ഉണ്ടായിരുന്നു.
നേരത്തെ മൂന്നുപേര്‍ പിടിയില്‍
ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധു അടക്കമുള്ളവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.
അയിരൂര്‍ ഇടത്രാമണ്‍ മഹേഷ് ഭവനില്‍ മഹേഷ് മോഹനന് (32), തടിയൂര്‍ കടയാര്‍ വെട്ടിത്തറയില്‍ ജിജോ ഈശോ ഏബ്രഹാം (46), ബന്ധുവായ 49 കാരന് എന്നിവരാണ് അന്ന് അറസ്റ്റിലായത്.
ഇടയ്ക്കിടെ കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി വഴക്കിട്ട് വീട്ടില്‍ നിന്ന് മാറിനില്‍ക്കുക പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ സ്വകാര്യബസിലെ ജീവനക്കാരനായ മഹേഷ് കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ജിജോയെയും കൂട്ടി വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.
ഇവരുടെ സന്ദര്‍ശം മുത്തശി കണ്ടതോടെയാണ് വിഷയത്തില്‍ ചൈല്‍ഡ് ലൈനില്‍ പരാതിയെത്തിയത്. അടുത്ത ബന്ധുക്കളടക്കം നേരത്തെ പീഡിപ്പിച്ചു വരുന്നതായി കുട്ടി മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ബന്ധുവിനെക്കൂടി അന്ന് അറസ്റ്റു ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചിരുന്നു.