ഹരിയാനയിൽ താമസിക്കുന്ന രാംഭായിക്ക് വയസ് 105. പ്രായത്തിന്റെ അവശതകളൊന്നും കാര്യമായി ഇതുവരെ രാംഭായിയെ ബാധിച്ചിട്ടില്ല. 105-ാം വയസിലും താൻ ഡബിൾ സ്ട്രോംഗ് ആണെന്നാണ് രാംഭായി പറയുന്നത്.
കായിക മേഖലയിൽ തന്‍േറതായ ഇടം കണ്ടെത്തിയ രാംഭായി ഇന്ന് ലോകമാധ്യമങ്ങളിൽ ചർച്ചയാണ്. 105 വയസ് എന്നത് വെറും നന്പർ മാത്രമാണെന്ന് രാംഭായി തെളിയിച്ചിരിക്കുന്നു.
അടുത്തിടെ രാംഭായിക്കൊരു റെക്കോർഡ് സ്വന്തമാക്കാനായി. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻഷിപ്പിലാണ് രാംഭായി താരമായത്.
വഡോദരയിൽ വെച്ച് നടന്ന ചാന്പ്യൻഷിപ്പിൽ 85 വയസിന് മുകളിൽ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിൽ രാംഭായി ഓടിയത് അതുവരെയുള്ള റെക്കോഡ് മറികടന്നാണ്.
രാംഭായി മാത്രമാണ് ഈ ഇനത്തിൽ മത്സരിക്കാനുണ്ടായിരുന്നത്. വെറും 45.40 സെക്കൻഡുകൊണ്ടാണ് ഈ മുത്തശ്ശി 100 മീറ്റർ മറികടന്നത്. ഒരു മിനിട്ട് 52.17 സെക്കൻഡ് കൊണ്ട് 200 മീറ്ററും ഓടി.
ഇതോടെ 85 വയസിന് മുകളിൽ പ്രായമുള്ളവരുടെ 100, 200 മീറ്റർ ഓട്ടമത്സരത്തിലെ ദേശീയ റെക്കോർഡാണ് രാംഭായി സ്വന്തമാക്കിയത്.
2017ൽ 101-ാം വയസിൽ 74 സെക്കൻഡുകൊണ്ട് 100 മീറ്റർ മറികടന്ന മാൻ കൗറിന്റെ പേരിലായിരുന്നു ഇത്രയും കാലം റെക്കോർഡുണ്ടായിരുന്നത്. ഇത് രാംഭായി എത്തിയതോടെ പഴങ്കഥയായി.
ഇനിയും കൂടുതൽ ദൂരം ഓടാനുള്ള തയാറെടുപ്പിലാണ് രാംഭായി. ഹരിയാനയിലെ ചർഖി ദാദ്രിയാണ് രാംഭായിയുടെ സ്വദേശം.1917 ജനുവരി ഒന്നിന് വഡോദരയിൽ ആണ് ജനിച്ചത്.
ദിവസവും ഒരു ലിറ്റർ പാൽ കുടിച്ചാണ് രാംഭായി കായികക്ഷമത നിലനിർത്തുന്നത്. ഇനിയും കുറേക്കാലം കൂടി ആരോഗ്യത്തോടെ ജീവിക്കാനാവുമെന്ന പ്രതീക്ഷയാണ് രാംഭായി പങ്കുവയ്ക്കുന്നത്.
എല്ലാ ദിവസവും രാവിലെ നേരത്തെ എഴുന്നേറ്റ് ജോഗിംഗ് ചെയ്യുന്നു. ഞാൻ എന്റെ വീട്ടുജോലികളെല്ലാം ചെയ്യുന്നു. 105-ാം വയസിലും ചുറുചുറുക്കിന്റെ ആരോഗ്യ രഹസ്യം പങ്കിടുകയാണ് ഈ മുത്തശി.