സാധാരണയായി ഇന്‍റര്‍നെറ്റില്‍ വിവാഹ വീഡിയോകള്‍ വൈറലാകാറുള്ളത് വധൂവരന്മാരുടെ നൃത്തം നിമിത്തമൊ അല്ലെങ്കില്‍ മണ്ഡപത്തിലേക്കുള്ള വേറിട്ട രംഗപ്രവേശം കാരണമൊ ഒക്കെയാണ്.
അതിലെ തമാശകളും വ്യത്യസ്തകളും മിക്കവരും ആസ്വദിക്കാറുണ്ട്. എന്നാലിപ്പോള്‍ ഒരു വിവാഹ വീഡിയോ തരംഗമാകുന്നത് മറ്റൊരു കാരണം നിമിത്തമാണ്.
വിവാഹ പന്തലില്‍ വച്ച് തന്‍റെ ചില ആവശ്യങ്ങള്‍ കരാറായി അവതരിപ്പിച്ച വധു അതില്‍ വരനെ ഒപ്പു വയ്പ്പിക്കുന്നത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
“വെഡ്‌ലോക്ക് ഫോട്ടോഗ്രഫി അസാം’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
ശാന്തി എന്ന യുവതിയാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന മിന്‍റു എന്നാള്‍ക്ക് ഇത്തരമൊരു നിശ്ചയപത്രം നല്‍കിയത്.
ഉടമ്പടി പ്രകാരം മാസത്തിലൊരിക്കല്‍ ശാന്തിക്ക് മിന്‍റു പിസ വാങ്ങി നല്‍കണം. ശാന്തിയുടെ പാചകം നല്ലതെന്ന് എപ്പോഴും പറയണം.
എല്ലായ്പ്പോഴും സാരിയുടുക്കാന്‍ അനുവദിക്കണം. രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ വരന് പങ്കെടുക്കാം; പക്ഷെ ഭാര്യയായ തന്നെയും കൂട്ടണമെന്ന് മാത്രം.
ദിനവും ജിംനേഷ്യത്തില്‍ പോകണം. ഞായറാഴ്ച രാവിലത്തെ പാചകം ഭര്‍ത്താവിന്‍റെ വക തന്നെയായിരിക്കണം. പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്തണം.
അവസാനത്തെ ആവശ്യമായി 15 ദിവസത്തിലൊരിക്കല്‍ ഷോപ്പിംഗ് നടത്തണം എന്നും ശാന്തി ആവശ്യപ്പെടുന്നു. ഏതായാലും ശാന്തിയുടെ ആവശ്യങ്ങള്‍ മുഴുവന്‍ മിന്‍റു അംഗീകരിച്ചിരിക്കുകയാണ്.
ഒരു കല്യാണം കഴിക്കാന്‍ എന്തൊക്കെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു എന്നാണ് വീഡിയോയ്ക്കുള്ള രസകരമായ ഒരു കമന്‍റ്.