പയ്യന്നൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്. സ്ഫോടനത്തില്‍ കെട്ടിടത്തിന് തകരാര്പറ്റി. ബൈക്കിലും കാറിലുമായി എത്തിയവരാണ് സ്ഫോടനം നടത്തിയത്.
ഓഫീസ് സെക്രട്ടറിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂരില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
ഇരുമ്പുഗ്രില്ല് വളഞ്ഞു
ഇന്നുപുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയമായ രാഷ്ട്രമന്ദിരത്തിന് നേരെയാണ് ബോംബെറിഞ്ഞത്. രണ്ടു സ്റ്റീല്‍ ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്.
ഗ്രില്ലില്തട്ടി പൊട്ടിത്തെറിച്ച ബോംബിന്റെ സ്ഫോടന ശക്തിയില്‍ ഇരുമ്പുഗ്രില്ല് വളഞ്ഞുപോയി. ബോംബിന്റെ ചീളുകള്‍ തെറിച്ച് ജനല്‍ചില്ലുകളും പൊട്ടിച്ചിതറി.
സംഭവസമയത്ത് ഓഫീസ് സെക്രട്ടറി ടി.പി.രഞ്ജിത്തും മറ്റു രണ്ടുപ്രവര്ത്തകരും അകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ പുറത്തുവരുമ്പോഴേക്കും അക്രമികള്‍ വാഹനങ്ങളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
കാർ കാത്തുകിടന്നു..!
ബൈക്കിലെത്തിയ രണ്ടുപേരാണ് ഗേറ്റിന് പുറത്തുനിന്നും രാഷ്ട്രമന്ദിരത്തിന് നേരെ ബോംബെറിഞ്ഞതെന്നും സംഭവസമയത്ത് ഒരുകാറില്‍ ആളുകള്‍ റോഡില്‍ കാത്തുകിടന്നതായും രാഷ്ട്രമന്ദിരത്തിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ പറയുന്നു.
സ്ഫോടനത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി ഓഫീസ് സെക്രട്ടറി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
ഈ പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.
ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബുസ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് പയ്യന്നൂരിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്.
അന്നു സംഭവിച്ചത്
2017 ജൂലൈ മാസത്തില്‍ ഈ കെട്ടിടം ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കുകയും പൂര്‍ണമായും അഗ്നിക്കിരയാക്കിയ സംഭവവുമുണ്ടായിരുന്നു. ആറുവര്‍ഷംമുമ്പ് കൊല്ലപ്പെട്ട ബിഎംഎസ് പ്രവര്ത്തകന് അന്നൂര്‍ പടിഞ്ഞാറേക്കരയിലെ സി.കെ.രാമചന്ദ്രന്റെ അനുസ്മരണ പരിപാടി ഇന്നു രാവിലെ അന്നൂരില്‍ നടക്കാനിരിക്കേയാണ് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞത്.
ഇന്നലെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കുന്നരു കാരന്താട്ടെ സി.വി.ധനരാജ് രക്തസാക്ഷിദിനാചരണം കുന്നരുവില്‍ സംഘടിപ്പിച്ചിരുന്നു.