പത്തനാപുരം : മാമ്പഴത്തറ സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കയറി ആനയുടെ ദൃശ്യങ്ങൾ പകർത്തിയ യൂട്യൂബര്‍ ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് നിർദേശം നൽകിയിട്ടും തയാറായില്ല. ഇതേ തുടർന്ന് കർശന നടപടിക്ക് തയാറെടുക്കുകയാണ് വനം വകുപ്പ്.
തിരുവനന്തപുരം കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് കേസ്. ഇതിനിടെ പ്രതിയും കൂട്ടരും മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചതായും സൂചനയുണ്ട്.
പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് റേഞ്ച് ഓഫീസർ ബി.ദിലീപ് പറഞ്ഞു .എട്ടു മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം.
ഹെലിക്യാം ഉപയോഗിച്ച് ആനയുടെ ചിത്രങ്ങൾ പകർത്തുകയും പ്രകോപിതനായ ആന ഇവരെ ആക്രമിക്കാൻ ഓടിക്കുന്നതടക്കം യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.
ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതു മുതലാണ് വകുപ്പ് അന്വേഷണം ആരംഭിച്ചത്.ദൃശ്യങ്ങള്‍ പരിശോധിച്ച വകുപ്പ് വനമേഖല തിരിച്ചറിയുകയും കേസെടുക്കുകയുമായിരുന്നു.
വന്യജീവികളെ പ്രലോഭിപ്പിക്കുക,മനപൂര്‍വം അപകടം വരുത്തി വയ്ക്കാന്‍ ശ്രമിച്ചു എന്നിവ ഉള്‍പ്പെടുത്തിയാണ് കേസ്.
വന്യജീവി നിയമം അനുസരിച്ച് ഏഴ് വര്‍ഷം വരെ ശിക്ഷ അനുഭവിക്കാവുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതെ സംഭവത്തില്‍ അമലയ്ക്ക് പുറമെ മറ്റ് അഞ്ച് പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.