തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ മോചനം ആവശ്യപ്പെട്ട് മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ തടവുകാരനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി.
കോട്ടയം സ്വദേശി സുഭാഷാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരത്തിന്റെ ചുവട്ടിൽ വിരിച്ചുപിടിച്ച വലയിലേക്ക് വീഴ്ത്തിയാണ് ഇയാളെ പിടികൂടിയത്.
ജയിൽ വളപ്പിലെ ചാമ്പമരത്തിൽ കയറിയായിരുന്നു സുഭാഷ് ആത്മഹത്യാഭീഷണി മുഴക്കിയത്. മൂന്ന് മണിക്കൂറോളം സുഭാഷ് ജയിൽ അധികൃതരെ മുൾമുനയിൽ നിർത്തി മരത്തിനുമുകളിൽ ഇരുന്നു.
അനുനയിപ്പിച്ച് താഴെയിറക്കാൻ ആദ്യം ശ്രമിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. പിന്നീട് മൂന്ന് ഫയർഫോഴ്സ ഉദ്യോഗസ്ഥർ മരത്തിനു മുകളിലേക്ക് കയറി.
ഉദ്യോഗസ്ഥർ അടുത്തെത്തുമ്പോൾ സുഭാഷ് കൂടുതൽ ഉയരത്തിലേക്ക് കയറി. ഏറ്റവും തുഞ്ചത്ത് എത്തിയതോടെ കൊമ്പ് ഒടിഞ്ഞ് സുഭാഷ് തഴേയ്ക്കു വീഴുകയായിരുന്നു.
മരത്തിനു ചുവട്ടിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിരിച്ചുപിടിച്ച വലയിലേക്കാണ് വീണത്. ഉടനെ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളാണ് സുഭാഷ്. ഇയാൾക്ക് മാനിസികസ്വാസ്ഥ്യം ഉള്ളതായും പറയുന്നു.
രാവിലെ ജയിലറെ കാണണമെന്ന് സുഭാഷ് ആവശ്യപ്പെട്ടതോടെ വലിയ മതിലിനു പുറത്തുള്ള ഓഫീസിലേക്ക് കൊണ്ടുവന്നു. ഈ സമയം പോലീസുകാരെ തള്ളിമാറ്റി ഇയാൾ ഓടി.
പിന്നാലെ പോലീസുകാരും ഓടിയതോടെ ജയിൽ വളപ്പിലെ കൃഷിയിടത്തിലൂടെ ഓടി, തകർന്ന പുറംമതിൽ ചാടിക്കടന്ന് സാമൂഹിക സുരക്ഷാ മിഷന്റെ കെട്ടിടത്തിനു സമീപമുള്ള ചാമ്പമരത്തിൽ കയറി.
താഴേയ്ക്കിറങ്ങിവരാൻ പോലീസുകാർ ആവശ്യപ്പെട്ടിട്ടും ഇയാൾ കൂട്ടാക്കിയില്ല. ജയിലിൽനിന്നും വിട്ടയക്കണമെന്നായിരുന്നു ആവശ്യം.
ജില്ലാ ജഡ്ജിയെ വിളിച്ചുകൊണ്ടുവന്ന് ജയിൽ മോചനത്തിന് അവസരം ഒരുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഇതിനിടെ സുഭാഷിന്റെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഭാര്യ വിളിക്കുന്നു താഴെ ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. എന്നിട്ടും വഴങ്ങിയില്ല. ഇതോടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരത്തിനു മുകളിലേക്ക് കയറിയത്.
സുഭേഷ് നേരത്തെ നെട്ടുകാൽ തുറന്ന ജയിലിലായിരുന്നു. കോവിഡ് കാലത്ത് പരോൾ അനുവദിച്ചതോടെ പുറത്തുപോയ സുഭാഷ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്തിയില്ല.
ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് പൂജപ്പുരയിലേക്ക് കൊണ്ടുവരികയായിരുന്നു.