പേരൂർക്കട: കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ വൈദ്യുത കണക്ഷൻ വിച്ഛേദിക്കപ്പെട്ടതോടെ ആശ്രയമില്ലാത്ത വീട്ടമ്മ രണ്ടു ദിവസം ഇരുട്ടിൽ കഴിച്ചുകൂട്ടി.
വട്ടിയൂർക്കാവ് വാഴോട്ടുകോണം തോപ്പുമുക്ക് സ്വദേശി ജഗദമ്മ (62) ആണ് രണ്ട് രാത്രി നിസഹായവസ്ഥയിൽ കഴിഞ്ഞത്.
കണക്ഷൻ വിച്ഛേദിക്കപ്പെട്ടതോടെ സമീപവാസിയായ ഒരാൾ ഓൺലൈനിൽ പണം അടച്ചെങ്കിലും കണക്ഷൻ പുനസ്ഥാപിക്കാൻ അധികൃതർ തയാറായില്ലെന്ന് വീട്ടമ്മ പറയുന്നു.
കുടുംബശ്രീ തൊഴിലാളിയായ ഇവർക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കുന്നില്ല. 200 രൂപ അടയ്ക്കാത്തതിന്റെ പേരിലാണ് കെഎസ്ഇബി വട്ടിയൂർക്കാവ് സെക്ഷൻ അധികൃതർ കഴിഞ്ഞ ദിവസം വൈദ്യുത കണക്ഷൻ വിച്ഛേദിച്ചത്.
ജഗദമ്മ വീടിനുള്ളിൽ ഇരുട്ടിൽ കഴിയുന്നതായി അറിഞ്ഞ പരിസരവാസികളിൽ ഒരാളാണ് ദയവുതോന്നി ഇവരുടെ കുടിശികത്തുക സെക്ഷൻ ഓഫീസിൽ ലൈനായി അടച്ചത്.
എന്നാൽ പിന്നെയും രണ്ടുദിവസം കാത്തിരിക്കേണ്ടിവന്നു ഇവർക്ക് വൈദ്യുത കണക്ഷൻ പുനസ്ഥാപിക്കുന്നതിന്. ഭർത്താവ് മരണപ്പെട്ട ഇവർക്ക് ഒരു മകൻ മാത്രമാണ് ഉള്ളത്.
ഇയാൾ അപകടത്തിൽ പരിക്കേറ്റ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി ഏഴിനു തന്നെ കുടിശികത്തുക അടച്ചുവെങ്കിലും ഓൺലൈൻ സംവിധാനമായതിനാൽ അധികൃതർ അറിഞ്ഞിട്ടില്ലെന്നും അതാണ് വൈദ്യുതബന്ധം പുനസ്ഥാപിക്കാൻ വൈകിയത് എന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.
കുടിശിക അടച്ചശേഷം അറിയിച്ചിരുന്നുവെങ്കിൽ ഉടൻതന്നെ വൈദ്യുതി പുനസ്ഥാപിക്കാൻ സാധിക്കുമായിരുന്നുവെന്നും അധികൃതർ വിശദീകരണക്കുറിപ്പിൽ പറയുന്നു.