കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പരിശോധനാഫലം ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും.
ചൊവ്വാഴ്ച തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നിന്ന് ലഭിച്ച പരിശോധനാഫലം രാത്രി വൈകിയാണ് കൊച്ചിയിലെത്തിച്ചത്.
കോടതി സമയം കഴിഞ്ഞതിനാലാണ് സീൽ ചെയ്ത കവറിലുള്ള വിശദമായ പരിശോധനാഫലം അന്വേഷണസംഘം ഇന്ന് കോടതിക്ക് കൈമാറുന്നത്.
കോടതി പരിശോധിച്ച ശേഷമാകും പകർപ്പ് പ്രോസിക്യൂഷന് ലഭിക്കുക. അതേസമയം മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായാണ് സൂചന.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. മെമ്മറി കാർഡ് തുറന്നിട്ടുണ്ടെങ്കിൽ തുറന്ന തീയതി, സമയം, എന്നൊക്കെ അറിയാൻ കഴിയും.
2017 ഫെബ്രുവരി 18-ന് അവസാനമായി പരിശോധിച്ച മെമ്മറി കാർഡ് 2018 ഡിസംബർ 13-നും അതിനുമുന്പ് പല തവണയും അനധികൃതമായി തുറന്നതായി കണ്ടെത്തിയെന്നായിരുന്നു തിരുവനന്തപുരം ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.
അതുകൊണ്ടുതന്നെ പരിശോധനാഫലം കേസിൽ നിർണായകമാകും.
അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തിനെതിരേ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും തയാറാകാത്ത അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്താണ് ഹർജി.
പൾസർ സുനിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ പൾസർ സുനി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
വിചാരണാ നടപടികൾ വൈകാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ കേസ് കോടതി പരിഗണിച്ചിരുന്നു. ഇതിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു.
കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.
അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നാണ് ആവശ്യം.
തുടരന്വേഷണ കാലാവധി
15-ന് തീരും
അതേസമയം കേസിന്റെ തുടരന്വേഷണം അവസാനിപ്പാക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി മറ്റന്നാൾ അവസാനിക്കും.
മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം കൂടി പരിശോധിച്ചശേഷമാകും അന്തിമ റിപ്പോർട്ട് നൽകുന്നതിൽ തീരുമാനമാകുക. ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിൽ അന്വേഷണം വേണ്ടിവരും.