സ്വന്തം ലേഖകന്‍
കോഴിക്കോട്: ശമ്പളം കൊടുക്കാന്‍ പോലും വകയില്ലാതെ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്ക് ഡീസല്‍ പൊല്ലാപ്പും. ഡീസല്‍ ഇല്ലാത്തതിനാല്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള വിവിധ ജില്ലകളില്‍ കെഎസ്ആര്‍ടിസിയുടെ പല സര്‍വീസുകളും മുടങ്ങുന്ന അവസ്ഥയിലാണ്.
സര്‍വീസ് മുടങ്ങുമ്പോള്‍ മാത്രം തൊട്ടടുത്ത ദിവസം മുതല്‍ താത്കാലിക സംവിധാനം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അപ്പോഴേക്കും ലക്ഷങ്ങളുടെ നഷ്ടം വന്നുകഴിയുകയും ചെയ്യും.
കഴിഞ്ഞ ദിവസം ജില്ലയില്‍ മാത്രം 16 സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട്, വടകര, തൊട്ടില്‍പാലം, താമരശേരി ഡിപ്പോകളിലെ ചില സര്‍വീസുകളാണ് മുടങ്ങിയത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫറോക്ക് ഡിപ്പോയില്‍ നിന്നാണ് കോഴിക്കോട്ടേക്ക് ഇന്ധനം കൊണ്ടുവരുന്നത്. ഫണ്ട് കുടിശികയായതിനാലാണ് ഇവിടെ നിന്നു ഇന്ധനം ലഭിക്കാതായതെന്ന് അറിയുന്നു.
പിന്നീട് ഏറെ വൈകി ഗുരുവായൂരില്‍ നിന്ന് ടാങ്കറില്‍ ഡീസല്‍ കൊണ്ടുവരികയായിരുന്നു.എന്നാല്‍ കോഴിക്കോട് ഡിപ്പോയില്‍ ഡീസല്‍ കുറച്ചു കഴിഞ്ഞു ലഭ്യമായിട്ടുണ്ടെന്നും ഒന്നോ രണ്ടോ സര്‍വീസുകള്‍ മാത്രമാണ് മുടങ്ങിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഇനിയും ഫണ്ട് കുടിശികയായാല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന അവസ്ഥയാണ്.