കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് സ്മാർട്ട് ഫോണിലും ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോർട്ട്. വിവോ ഫോണിലിട്ടാണ് പരിശോധിച്ചതെന്നാണ് റിപ്പോർട്ട്. രാത്രിയിലും മെമ്മറി കാർഡ് പരിശോധിച്ചു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്നുതവണ മാറിയതായി ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയില്‍നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് കോടതികളുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് ഇത് സംഭവിച്ചതെന്നും ലാബ് റിപ്പോര്‍ട്ടിൽ പറയുന്നു.
അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി, എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാ രണക്കോടതി എന്നിവിടങ്ങളില്‍ മെമ്മറി കാര്‍ഡ് തുറന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്.
കാർഡ് അവസാനമായി പരിശോധിച്ചത് 2021 ജൂലൈ 19 ന് ആയിരുന്നു. ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെയുള്ള സമയത്തായിരുന്നു പരിശോധന.
വിവോ ഫോണിലിട്ടാണ് പരിശോധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 ജനുവരി ഒൻപതിന് കമ്പ്യൂട്ടറിലിട്ടാണ് മെമ്മറി കാർഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബർ 13 നും ഹാഷ് വാല്യു മാറിയിട്ടുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്.
തുടരന്വേഷണ സമയപരിധി അവസാനിക്കാനിരിക്കെ കേസില്‍ വഴിത്തിരിവായേക്കാവുന്ന നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണ സമയം നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയാണ് തുടരന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധകുറ്റപത്രം സമര് പ്പിക്കേണ്ടത്.തിരുവനന്തപുരം സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്നുള്ള ഹാഷ് വാല്യു പരിശോധനാ റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ വിചാരണക്കോടതിക്ക് ലഭി ച്ചു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രോസിക്യൂഷനും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചിനാണ് പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്ന് മെമ്മറി കാര്‍ഡ് വീണ്ടും പരിശോ ധിക്കാന് ഹൈക്കോടതി അനുമതി നല്‍കിയത്.