എം. ജോസ് ജോസഫ്
ആലപ്പുഴ: കഴിഞ്ഞ മാസം ജില്ലയിൽ എൻഡിപിഎസ് ആക്ട് പ്രകാരം മയക്കുമരുന്നു വേട്ടയിൽ നടന്നത് 33 റെയ്ഡുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ ജില്ലയിൽ നടക്കുന്നതു കോടികളുടെ ലഹരിമരുന്നു വ്യാപാരം.
അതേസമയം, മയക്കുമരുന്നു വേട്ടയിൽ പിടിക്കപ്പെടുന്നത് യഥാർഥത്തിൽ ഉള്ളതിന്റെ ചെറിയ ഭാഗം മാത്രം.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ വിവിധ ഓപ്പറേഷനുകളിലൂടെയാണ് പല വേട്ടകളും വിജയിച്ചത്.
മയക്കുമരുന്നു ലോബിയുടെ നൂതന വിപണന മാർഗങ്ങൾ ഡികോഡ് ചെയ്താണ് പോലീസ് അന്വേഷണങ്ങൾ. ഈ വർഷം പകുതി കഴിയുമ്പോൾ 188 പേരാണ് വിവിധ മയക്കുമരുന്നു കേസുകളിൽ മാത്രം ജില്ലയിൽ അറസ്റ്റിലായത്.
ഉറവിടങ്ങൾ അറിഞ്ഞാലും
ഇത്രയേറെ മയക്കുമരുന്നു കേസുകൾ പിടിക്കപ്പെടുന്നെങ്കിൽ അതിന്റെ പല മടങ്ങ് സംഭവങ്ങൾ നടക്കുന്നുണ്ടെന്നാണ് യാഥാർഥ്യം.
ഉറവിടത്തിൽ തടയുക എന്നതാണ് ഫലപ്രദമായ മാർഗമെങ്കിലും ജില്ലാ പോലീസിന്റെ പരിധിക്കപ്പുറമായ കാര്യമാണത്.
മയക്കുമരുന്ന് ജില്ലയിലേക്ക് ഒഴുകിയെത്തുന്നത് അന്യസംസ്ഥാനങ്ങളിൽനിന്നാണ്. ഉറവിട സൂചനകൾ ലഭ്യമാകുന്നത് ഉന്നതകേന്ദ്രങ്ങളിലേക്കു കൈമാറുകയാണ് പതിവ്.
പൊതുജനത്തിൽനിന്നും ഇടനിലക്കാരിൽനിന്നും ചോർത്തിക്കിട്ടുന്ന വിവരങ്ങൾ വച്ചാണ് അറസ്റ്റുകൾ അധികവും നടക്കുന്നത്.
ഡി അഡിക്ഷൻ മാർഗങ്ങൾ
മയക്കുമരുന്ന് വേട്ട വഴി ലഭ്യത കുറയ്ക്കാൻ കഴിയുമെങ്കിലും അതു ഉപയോഗിക്കുന്നവരെ വിമുക്തരാക്കിയെടുക്കാൻ ആവശ്യത്തിന് ഡി അഡിക്ഷൻ സെന്ററില്ല.
ജില്ലയിൽ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലാണ് പ്രധാന സർക്കാർ ഡി അഡിക്ഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്. എന്നാൽ, കെട്ടിടം പുതുക്കൽ ഭാഗമായി അതു മാവേലിക്കര ഗവ.ആശുപത്രിയിലേക്കു മാറ്റി സ്ഥാപിച്ചു.
സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്നത് കറ്റാനം സെന്റ് തോമസിലും പുന്നപ്ര അക്സപ്റ്റിലുമാണ്.
വേണം പുനരധിവാസം
മയക്കുമരുന്നു ഉപയോഗിച്ചു വഴിതെറ്റിയവരെ നേരായ വഴിയിലാക്കാൻ ആവശ്യത്തിനു സൗകര്യങ്ങൾ ജില്ലയിലില്ല.
അരൂർ മേഖല മുതൽ ഇത്തരം കേസുകൾ ധാരാളം പിടിക്കപ്പെടുന്നത് കണക്കിലെടുത്ത് മയക്കുമരുന്നിനെതിരേ ബോധവത്കരണവും കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള കർമപദ്ധതികളും വേണമെന്നാണ് ആവശ്യം.
കൗൺസലിംഗ് തുടങ്ങി ആധുനിക ലഹരി വിമുക്ത മാർഗങ്ങൾ എവിടെയും ലഭ്യമാക്കണം.