വടക്കഞ്ചേരി: നെൽകൃഷിയുടെ ഒന്നാംവിള നടീൽ പണികൾക്കായി ബംഗാളിൽനിന്നും ജില്ലയിൽ മാത്രം എത്തിയിട്ടുള്ളത് ആയിരത്തോളം യുവാക്കൾ.
കർഷക തൊഴിലാളികളായി മേഖലകളിലും ആനുകൂല്യങ്ങൾ പങ്കുവയ്ക്കുന്നതിലും നിരവധി പേർ ഉള്ളപ്പോഴാണ് ബംഗാളിൽ ഉള്ളവർക്ക് ഇവിടെ തൊഴിൽ ചാകരയുളളത്.
കോൽക്കത്ത, മുർഷിദാബാദ് മേഖലയിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതൽ പേരും. വടക്കഞ്ചേരി മേഖലയിൽ തന്നെ മുന്നൂറിലേറെ ബംഗാളി യുവാക്കൾ പലയിടത്തായി നടീൽ പണികൾ നടത്തുന്നുണ്ടെന്ന് ഇവരുടെ സേവനം കർഷകർക്ക് ലഭ്യമാക്കുന്ന ഹരിദാസ് പറഞ്ഞു.
ഒരു ഏക്കർ നടീലിന് നിശ്ചിത തുക പറഞ്ഞാണ് ഇവരുടെ പണികൾ. ഒരു ദിവസം 800 രൂപയ്ക്കും 1000 രൂപയ്ക്ക് വരെ തൊഴിലെടുക്കുന്ന യുവാക്കളുണ്ട്.
അതിരാവിലെ ആറിനു മുന്പ് സംഘങ്ങളായി ഇവർ നടീൽ നടക്കുന്ന പാടത്ത് എത്തി പണി തുടങ്ങും.മഴയോ വെയിലോ ഒന്നും ഇവർക്ക് പ്രശ്നമല്ല. ഉച്ചയ്ക്ക് ഭക്ഷണത്തിന് കുറച്ചുസമയം മാത്രം വിശ്രമം.
പിന്നെ ഇരുട്ടും വരെ പണി ചെയ്യും.ഈ സീസണിൽ ഒരു മാസം ഇവർ കേരളത്തിൽ തങ്ങുമെന്ന് സംഘത്തിലെ ലിഷാദ് പറഞ്ഞു.
ഒരു മാസം കഴിഞ്ഞ് പോകുന്പോൾ വലിയൊരു തുകയുമായിട്ടാണ് നാട്ടിലേക്കു മടങ്ങുക. മലയാളികളെ പോലെ ദിവസക്കൂലി മുഴുവൻ മദ്യപിച്ച് നശിപ്പിക്കുന്ന ശീലം ഇവർക്ക് ഇല്ല.
ഇവരിൽ കുറച്ചു പേർ മാത്രമെ മദ്യപാനികളായുള്ളു.സ്ഥിരം മദ്യപാനികളെ ഇവർ ഒപ്പം കൂട്ടില്ല. ഇതിനാൽ അന്യനാട്ടിൽ വന്ന് പ്രശ്നങ്ങൾക്ക് പോകാൻ ആരും മെനക്കെടില്ല.
രണ്ടാംവിള സീസണിലും ഇവർ കേരളത്തിലെത്തും. കേരളത്തിലെ മഴ, കൃഷിപണികൾ എന്നിവയുടെയെല്ലാം കലണ്ടർ ഇവർക്ക് മനഃപാഠമാണ്.