വടക്കഞ്ചേരി: കഴിഞ്ഞദിവസം കണ്ണംകുളത്ത് ആടുകളെ കൊന്നൊടുക്കിയത് പട്ടിപ്പുലിയോ കാട്ടുപൂച്ചയോ എന്ന സംശയം ബാക്കിയാകുന്നു.
ഇന്നലെ കിഴക്കഞ്ചേരിയിലെ വെറ്ററിനറി ഡോക്ടർ ശ്രീജിഷ സ്ഥലത്തെത്തി ജഡം പരിശോധിച്ചതിലും വന്യമൃഗം എന്ന നിഗമനത്തിലാണ് എത്തിയത്.
ഇരുപതും മുപ്പതും കിലോ തൂക്കം വരുന്ന ആടുകളെ കാട്ടുപൂച്ചയ്ക്ക് വലിച്ചു കൊണ്ടു പോകാൻ കഴിയില്ലെന്ന വിലയിരുത്തലുമുണ്ട്.
എന്നാൽ ആക്രമിച്ചത് കാട്ടുപൂച്ച തന്നെയാണെന്ന നിഗമനത്തിലാണ് വനപാലകർ. കണ്ണംകുളം ചെങ്ങാനിയിൽ കൃഷ്ണദാസിന്റെ അഞ്ച് ആടുകളെയാണ് ചൊവ്വാഴ്ച വൈകീട്ട് വന്യമൃഗത്തിന്റെ ആക്രമണത്തിനിരയായത്.
ഇതിൽ മൂന്ന്ആടുകളും ഗർഭിണികളായിരുന്നു. കയറോടുകൂടിയാണ് വീടിനുമുന്നിലെ തോട്ടത്തിൽ ആടുകളെ മേയാൻ വിട്ടിരുന്നത്.
ഇതിനിടെയാണ് ആക്രമണമുണ്ടായത്. ശരീരത്തിലെ പലയിടത്തും കടിയേറ്റ പാടുകളുണ്ട്. ഇതിനുമുന്പൊന്നും ഇത്തരത്തിൽ വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് ഉടമ കൃഷ്ണദാസ് പറഞ്ഞു.
ഇത് ആദ്യ സംഭവമാണ്. ഇവിടെ നിന്നും നാലു കിലോമീറ്റർ മാറി കാളാംകുളത്ത് മാസങ്ങൾക്കു മുന്പ് ഇത്തരത്തിൽ ആടുകളെ കൊന്നൊടുക്കുന്ന സംഭവം നടന്നിരുന്നു.
അന്ന് വനംവകുപ്പ് പലയിടത്തായി സ്ഥാപിച്ച കാമറകളിൽ കാട്ടുപൂച്ച നടന്നുപോകുന്ന ദൃശ്യങ്ങളാണ് പറഞ്ഞിരുന്നത്. വാർഡ് മെന്പർ മറിയക്കുട്ടി ജോർജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലീമിനു പുറമെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദാലി, സുനിൽ, സവാദ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടുദിവസം പട്രോളിംഗ് ഏർപ്പെടുത്തി ആക്രമണകാരിയായ മൃഗത്തെ കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം പറഞ്ഞു.
വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ട് സഹിതം അപേക്ഷ നൽകുന്ന മുറയ്ക്ക് ആടുകളെ നഷ്ടപ്പെട്ട ഉടമയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഫണ്ട് ഇല്ലാത്തതിനെ തുടർന്നാണ് നഷ്ടപരിഹാര തുക കൈമാറാൻ വൈകുന്നതെന്ന് പറയുന്നു.