പത്തനംതിട്ട: മകന്റെ പീഡനംമൂലം പൊറുതി മുട്ടിയ മാതാവ് സഹായം തേടി പോലീസിനെ സമീപിച്ചിട്ടും ഫലമില്ലാത്ത അവസ്ഥ.
ഭര്‍ത്താവിന്റെ പേരിലുള്ള പതിനെട്ട് സെന്റ് സ്ഥലവും വീടും വിറ്റ് പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണിയാണ് മകന് ഉയര്‍ത്തുന്നതെന്ന് അടൂര്‍ നെടുമണ്‍ മാങ്കൂട്ടം ആലോക് വില്ലയില്‍ സുശീല.
തന്റെയും ഭര്‍ത്താവിന്റെയും ഭാവിക്കു ഭീഷണിയുണ്ടെന്ന പരാതിയുമായി അറുപത്തിരണ്ടുകാരിയായ മാതാവ് പോലീസില്‍ പരാതി നല്കി കാത്തിരിപ്പാണ്.
സുശീലയുടെ ആദ്യവിവാഹത്തില്‍ ഉണ്ടായ മകന് സുധീഷാണ് ഇപ്പോള്‍ ഭീഷണിയുമായി രംഗത്തുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യ മഞ്ജുവിന്റെ നിര്‍ദേപ്രകാരമാണ് തനിക്കുനേരെ ഇയാള്‍ ഭീഷണി ഉയത്തുന്നതെന്നും സുശീല ആരോപിക്കുന്നു.
രണ്ടാം വിവാഹം
ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശിയായ സുശീലയ്ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളാണുള്ളത് . അധികം വൈകും മുമ്പ് ആദ്യ ഭര്‍ത്താവ് സുശീലയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു.
വര്‍ഷങ്ങളോളം കുട്ടികള്‍ക്കുവേണ്ടി സുശീല ജീവിച്ചു. ആദ്യമകനായ സുധീഷിന്റെ വിവാഹശേഷം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായ സുശീല, മുന്നോട്ടുള്ള ജീവിതം ദുസഹമായതോടെയാണ് അടൂര്‍ മാങ്കൂട്ടം നെടുമണ്‍ സ്വദേശിയായ ആനന്ദനെ വിവാഹം കഴിച്ചത്.
അതോടെ സുശീലയുടെ താമസം കാരയ്ക്കാട്ടുനിന്നു ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറ്റി.ആദ്യ വിവാഹത്തില്‍ ഭര്‍ത്താവിന് കുട്ടികള്‍ ഉണ്ടായിരുന്നു.
ഏറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ആനന്ദന് തന്റെ മക്കള്‍ക്ക് ആവശ്യമായ സ്വത്തുക്കള്‍ നല്‍കിയതിന് ശേഷമാണ് സുശീലയെ വിവാഹം ചെയ്തത്.
18 സെന്റ് പുരയിടവും കിടപ്പാടവും
ഇപ്പോള്‍ ആനന്ദന്റെ പേരില്‍ ശേഷിക്കുന്നത് 18 സെന്റ് പുരയിടവും കിടപ്പാടവുമാണ്. കാലശേഷം ഈ സ്വത്ത് ഭാര്യയായ സുശീലയ്ക്ക് ലഭിക്കും വിധമാണ് വസ്തു സംബന്ധമായ രേഖകള്‍ തയാറാക്കിയിട്ടുള്ളത്.
ഈ ഭൂമി വിറ്റ് 16 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് സുശീലയുടെ മൂത്തമകന് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. സ്ഥലം വില്ക്കാന് കഴിയില്ലെങ്കില്‍ പണയപ്പെടുത്തി ആറു ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നാണ് മറ്റൊരാവശ്യം.
പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി
ഭര്‍ത്താവ് ആനന്ദന് ഇപ്പോള്‍ 72 വയസുണ്ട്. രോഗബാധിതനാണ്. കഴിഞ്ഞ എട്ടിന് രാത്രി ഏഴരയോടെ സുശീലയുടെ വീട്ടിലെത്തിയ മകന് സുധീഷ് അസഭ്യഭാഷണവുമായി വീടിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു.
സുശീല വാതില്‍ അടച്ചതോടെ വീടിന്റെ ഗേറ്റില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഏറെ നേരം ഭീഷണിയുമായി സുധീഷ് വീടിനു മുമ്പില്‍ നിലയുറപ്പിച്ചതോടെ പോലീസ് എത്തി.
ഇതോടെ ഇയാള്‍ സ്ഥലത്തുനിന്നും മാറി. പോലീസ് മടങ്ങിയതോടെ വീണ്ടും സുധീഷ് വീടിനുമുന്നില്‍ എത്തി കതക് ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വീടിനുള്ളിലേക്ക് കല്ല് എറിഞ്ഞ ശേഷമാണ് മടങ്ങിയത്.
നടപടിയില്ല!
ഏറെ കാലമായി ഇത്തരത്തിലുള്ള പ്രവൃത്തി സുധീഷിന്റെ ഭാഗത്തുനിന്നും അനുഭവിച്ചുവരികയാണെന്ന് സുശീല മാധ്യമങ്ങളോടു പറഞ്ഞു.
ഇതേ തുടര്‍ന്ന് അടൂര്‍, ഏനാത്ത് പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.
തുടര്‍ന്ന് അടൂര്‍ ഡിവൈ.എസ്.പിക്ക് മുന്നില്‍ പരാതി സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ല. സുധീഷിന് പോലീസിലുള്ള സ്വാധീനം മൂലമാണിതെന്നും സുശീല പറഞ്ഞു.
ഇത് ആദ്യമല്ല
മുമ്പും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ സുധീഷിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വീട്ടിനുളളില്‍ കയറി സുശീലയുടെ വസ്ത്രങ്ങള്‍ എടുത്ത് ഇയാള്‍ കത്തിച്ചിരുന്നു.
പരാതിയെ തുടര്‍ന്ന് അടൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. നടപടി ഉണ്ടായില്ല. കൂടാതെ സുധീഷിനെതിരെ അടൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും കേസുണ്ട്.
ഈ സാഹചര്യത്തിലാണ് സുധീഷിന്റെ ഭീഷണി തുടരുന്നതെന്നും സുശീല പറഞ്ഞു.