കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്നുതവണ മാറിയതായി ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നതോടെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചത് ആരാണെന്ന സംശയം ഉയരുന്നു.
കേസിലെ മുഖ്യപ്രതി പൾസർ സുനിയിൽനിന്നു പിടിച്ചെടുത്ത മെമ്മറി കാർഡ് കോടതികളുടെ കസ്റ്റഡിയിൽ ഇരിക്കുന്പോഴാണ് കാർഡ് തുറന്നതെന്നാണ് ലാബ് റിപ്പോർട്ടിൽ പറയുന്നത്.
അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി, എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി എന്നിവിടങ്ങളിൽ മെമ്മറി കാർഡ് തുറന്നതായാണ് റിപ്പോർട്ടിലുള്ളത്.
ഇതിൽ രണ്ടുതവണ രാത്രിയിൽ മെമ്മറി കാർഡ് പരിശോധന നടത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2017 ഫെബ്രുവരി 17-നാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
ഈ മെമ്മറി കാർഡ് തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 18-ന് രാവിലെ 9.13-ന് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സംവിധാനമുള്ള ഷവോമി ഫോണിൽ തുറന്നു.
പിന്നീട് അന്വേഷണ സംഘത്തിന്റെ കൈയിലെത്തിയ മെമ്മറി കാർഡ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കും തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കും കൈമാറി.
കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് കാർഡ് മൂന്നാം തവണ വീണ്ടും പരിശോധന നടത്തിയെന്നാണ് റിപ്പോർട്ട്. 2018 ജനുവരി ഒന്പതിന് രാത്രി 9.58-ന് മെമ്മറി കാർഡ് ഒരു കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് തുറന്നതായി റിപ്പോർട്ടിലുണ്ട്.
ഈ സമയത്ത് കാർഡ് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലായിരുന്നു.
2018 ഡിസംർ 13-ന് രാത്രി 10.58-ന് ഇതേ മെമ്മറി കാർഡ് ആൻഡ്രോയ്ഡ് മൊബൈൽ ഫോണിൽ ഉപയോഗിച്ചതായും കണ്ടെത്തി.
ഈ സമയം ജില്ല കോടതിയുടെ കസ്റ്റഡിയിലായിരുന്നു. 2021 ജൂലൈ 19-ന് ഉച്ചയ്ക്ക് 12.19 നും 12.45 നും ഇടയിൽ കാർഡ് വിവോ ഫോണിൽ ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.
അന്വേഷണ സമയം നീട്ടിനൽകുമെന്ന പ്രതീക്ഷയിൽ ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ സാധൂകരിക്കുന്നതാണ് ഫോറൻസിക് പരിശോധന ഫലം. തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ കേസിൽ വഴിത്തിരിവായേക്കാവുന്ന നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണസമയം നീട്ടി നൽകണമെന്നുള്ള പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹർജിയിൽ ഉള്ളത്. തുടരന്വേഷണത്തിന് മൂന്നാഴ്ച സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹാഷ് വാല്യു
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച മെമ്മറി കാർഡിൻറെ ഹാഷ് വാല്യുവിലാണ് മാറ്റം വന്നത്.
മെമ്മറി കാർഡ് പിടിച്ചെടുത്തപ്പോൾ പോലീസിലെ സൈബർ വിദഗ്ധർ കാർഡിലുള്ള വിവിധ തരം ഡേറ്റകളുടെ ആകെത്തുകയായ ഹാഷ് വാല്യു രേഖപ്പെടുത്തിയിരുന്നു.
ഫോറൻസിക് പരിശോധനയിൽ ഇതിൽ മാറ്റം വന്നെന്ന് വ്യക്തമായ സ്ഥിതിക്ക് ആരോ മെമ്മറി കാർഡ് പിന്നീട് അനധികൃതമായി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുവെന്നതിന്റെ സൂചനയായി കണക്കാക്കാമെന്നു വിദഗ്ധർ പറയുന്നു.
ആർ. ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ
മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചതിനെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.
ജോർജേട്ടൻസ് പൂരമെന്ന ചിത്രത്തിന്റെ തൃശൂരിലെ ലൊക്കേഷനിൽ ദിലീപും പൾസർ സുനിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പിലൂടെ തയാറാക്കിയതാണെന്നും ആർ. ശ്രീലേഖ ആരോപിച്ചിരുന്നു.
ദിലീപ് ജയിലിൽ കഴിഞ്ഞ സമയത്ത് ശ്രീലേഖ ജയിൽ ഡിജിപിയായിരുന്നു. ആ നിലയ്ക്ക് ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതികളായ നടൻ ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് തുടരന്വേഷണം ആരംഭിച്ചത്.
ഇതിനെ ചോദ്യം ചെയ്ത് ദിലീപ് നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ഏപ്രിൽ 15 നകം അന്വേഷണം പൂർത്തിയാക്കാൻ ഉത്തരവിട്ടു.
പിന്നീട് സമയം നീട്ടിച്ചോദിച്ചു സർക്കാർ നൽകിയ ഹർജിയിൽ തുടരന്വേഷണം മേയ് 30 നകം പൂർത്തിയാക്കാൻ നിർദ്ദേശിച്ചു.
മൊബൈൽ ഫോണ് രേഖകളുൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനു സമയം തികയില്ലെന്നും ചൂണ്ടിക്കാട്ടി സർക്കാർ വീണ്ടും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ജൂലൈ 15 വരെ സമയം അനുവദിച്ചത്.
ഈ കാലാവധി നാളെ കഴിയാനിരിക്കെയാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും മൂന്നാഴ്ച കൂടി സമയം ചോദിച്ച് വീണ്ടും ഹർജി നൽകിയത്.