തിരുവല്ല : അശാസ്ത്രീയമായി റോഡ് നിർമിച്ചതിനെ തുടർന്ന് വാക്കുതർക്കത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘം കാർ അടിച്ചു തകർത്ത ശേഷം യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു.
മർദനം തടയാനെത്തിയ സ്ത്രീകൾ അടക്കമുള്ളവരെ കയ്യേറ്റം ചെയ്തു. കുറ്റൂർ പടിഞ്ഞാറ്റോതറ പാലത്തിങ്കൽ വീട്ടിൽ ബ്ലസനാണ് പരിക്കേറ്റത്.
സിപിഎം കുറ്റൂർ ഈസ്റ്റ് എൽ സി സെക്രട്ടറിയും കുറ്റൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമായ അനൂപ് ഏബ്രഹാം, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി നിതീഷ് , ഡി വൈ എഫ് ഐ പ്രവർത്തനായ മോനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
പടിഞ്ഞാറ്റോ തറ കുന്നത്തുമൺ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
സഹോദരിയെ ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബ്ലസൻ സഞ്ചരിച്ചിരുന്ന കാറ് ആക്രമി സംഘം തടഞ്ഞു നിർത്തി.
തുടർന്ന് കാറിന്റെ മുൻ വശത്തെ ചില്ല് കല്ലുപയോഗിച്ച് അടിച്ചു തകർത്തു. ഇത് ചോദ്യം ചെയ്ത് കാറിൽ നിന്ന് ഇറങ്ങിയ ബ്ലസനെ മൂവരും ചേർന്ന് മർദിക്കുകയായിരുന്നു.
ചികിത്സ തേടി
റോഡ് നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ജനകീയ സമിതി സ്ഥാപിച്ച ബോർഡും സംഘം അടിച്ചു തകർത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ ബ്ലസൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പടിഞ്ഞാറ്റോതറ – കുന്നത്തു മൺ റോഡിന്റെ നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ബ്ലസൻ അടക്കമുള്ള പ്രദേശവാസികൾ ചേർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
റോഡ് കോൺക്രീറ്റിംഗിന് മുന്നോടിയായി റോഡ് ഉയർത്തുന്നതിന് ക്വാറി മക്കിന് പകരം കമ്പിയും മറ്റും നിറഞ്ഞ കെട്ടിട വേസ്റ്റ് ഉപയോഗിച്ചതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായത്.
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഗ്രാമ പഞ്ചായത്ത് മരാമത്ത് വിഭാഗം ഉദ്യോസ്ഥരെത്തി പണികൾ നിർത്തിവപ്പിക്കുകയും കരാറുകാരന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
ഇതാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നത്. സംഭവം സംബന്ധിച്ച് ബ്ലസനും ജനകീയ സമിതിയും നൽകിയ പരാതിയിൽ തിരുവല്ല പോലീസ് മൂവർക്കും എതിരെ കേസെടുത്തു.