കൊച്ചി: അഞ്ച് പേര്‍ക്ക് പുതുജീവിതമേകി ചാലക്കുടി മോതിരക്കണ്ണി ഉരേക്കാട്ട് ഗോപകുമാര്‍ (33) യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച ഗോപകുമാറിന്റെ വൃക്കകളിൽ ഒന്ന് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും രണ്ടാമത്തേത് കോട്ടയം മെഡിക്കല്‍ കോളജിലെ രോഗിക്കും ദാനംചെയ്തു.
ഹൃദയവും കോര്‍ണിയകളും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും നൽകി.ചാലക്കുടിക്ക് സമീപം അന്തര്കക്കാംപാടത്ത് കഴിഞ്ഞ 11ന് വൈകുന്നേരം ഗോപകുമാർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ 13ന് ഗോപകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബാംഗങ്ങള്‍ സമ്മതമറിയിച്ചു.
ഭാര്യയും ഒരു കുട്ടിയുമുള്ള ഗോപകുമാര്‍ വിദേശത്തുനിന്ന് അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.ഒരു വൃക്ക സ്വീകരിച്ച മലപ്പുറം സ്വദേശിയായ 44കാരന് രാജഗിരി ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
യൂറോളജി ആന്‍ഡ് കിഡ്നി ട്രാന്‍സ്പ്ലാന്റ് സര്ജന് ഡോ. ബാലഗോപാല്‍ നായർ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.