വെച്ചൂർ: സ്നേഹംകൊണ്ട് എല്ലാവരുടെയും ഹൃദയം കവർന്ന പ്രിയപ്പെട്ടവരെ ഒരുനോക്കു കാണാൻ ജന്മനാട് നിറമിഴികളോടെ കാത്തുനിന്നു.
കുരുന്നുകളെയുമായി കളിചിരികളോടെ എത്തിയിരുന്ന വള്ളത്തിൽ ഇത്തവണ ചേതനയറ്റ് ജെഫിനും സുമിയും. വെള്ളത്താൽ ചുറ്റപ്പെട്ട വെച്ചൂർ മഞ്ചാടിക്കരി പ്രദേശം കണ്ണീരണിഞ്ഞു.
കിടങ്ങലാശേരി ജെഫിൻ കെ.പോളി(36)ന്റെയും ഭാര്യ സുമി(34)യുടെയും മൃതദേഹങ്ങൾ വള്ളത്തിൽനിന്നിറക്കി വീട്ടുമുറ്റത്തെത്തിച്ചപ്പോൾ കൂട്ടക്കരച്ചിലുയർന്നു.
ഇരുവർക്കും അന്ത്യോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് മഞ്ചാടിക്കരിയിലേക്കു പ്രവഹിച്ചത്.
അകാലത്തിൽ യുവദന്പതികൾ യാത്രയായതോടെ തനിച്ചായിപ്പോയ പൊന്നോമനകളെക്കുറിച്ച് പറഞ്ഞ് ഏങ്ങലടിച്ചവരെ ആശ്വസിപ്പിക്കാൻ കൂടി നിന്നവർക്കുമായില്ല.
കൈപ്പുഴമുട്ട് സെന്റ് ആന്റണീസ് പള്ളിക്കു സമീപം ബുധനാഴ്ച കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെഫിനും ഭാര്യ സുമിയും മരിക്കുന്നത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നര വയസുള്ള മകൻ ആൽഫിനും ഒന്നര വയസുള്ള മകൾ ആൽഫിയയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ആൽഫിനു കാലിനു പരിക്കുണ്ട്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിനാണ് കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം മഞ്ചാടിക്കരി സെന്റ് മൈക്കിൾ സിഎസ്ഐ പള്ളിക്കു സമീപം എത്തിച്ചത്.
മറുകരയിലുള്ള ജെഫിന്റെ വീട്ടിലേക്കു മൃതദേഹം എത്തിക്കാനായി വലിയ വള്ളവും കൈപ്പുഴയാറിനു കുറുകെ കയറും കെട്ടിയിരുന്നു.
തുടർന്ന് മഞ്ചാടിക്കരി സെന്റ് മൈക്കിൾ സിഎസ്ഐ പള്ളിക്കു സമീപമുള്ള ഹാളിൽ പൊതുദർശനത്തിനുവച്ചു.
വൈകിട്ടോടെ തോട്ടകം വാക്കേത്തറ ബഥേൽ ഹോസ്ബെൽ അസംബ്ലി സെമിത്തേരിയിൽ സംസ്കരിച്ചു. ഇരുവരുടെയും ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കളായ ആൽഫിനും ആൽഫിയയും.