കോതമംഗലം: കനത്ത മഴയില്‍ നേര്യമംഗലം-ഇടുക്കി റോഡില്‍ മലമുകളില്‍നിന്ന് വലിയ പാറക്കഷ്ണം അടര്‍ന്നുവീണു. റോഡിന് ഏതാനും മീറ്റര്‍ മാറി മരങ്ങളില്‍ തങ്ങിനിന്നതിനാൽ ദുരന്തം ഒഴിവായി.
നേര്യമംഗലം 46 ഏക്കര്‍ കോളനിക്കും ഗ്യാസ് ഗോഡൗണിനും മധ്യേ മലമുകളിലെ കാഴ്ചപ്പാറ ഭാഗത്തു നിന്നാണ് ഉദ്ദേശം മൂന്ന് മീറ്റര്‍ വ്യാസമുള്ള പാറക്കഷ്ണം അടര്‍ന്ന് വീണത്.
ഇടുക്കി റോഡില്‍നിന്ന് ഏകദേശം 100 മീറ്റര്‍ മുകളില്‍ നിന്നാണ് പാറ പതിച്ചത്. സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന് സമീപത്ത് ഇന്നലെ രാവിലെ 8.30 ഓടെയാണ് വലിയ ശബ്ദത്തോടെ പാറ അടർന്നു വീണത്.
കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ സംഭവമുണ്ടായിരുന്നു. ദിവസങ്ങളായി പെയ്യുന്ന പേമാരിയില്‍ വിള്ളല്‍ ഉണ്ടായ പാറക്കെട്ടില്‍ വെള്ളം കെട്ടിനിന്നാണ് വലിയ പാറകഷ്ണങ്ങള്‍ അടർന്ന് താഴേക്ക് പതിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്.
നേര്യമംഗലം വില്ലാംചിറ മുതല്‍ ഇടുക്കി പനംകുട്ടി വരെയുള്ള വന മേഖലയില്‍ മഴക്കാലത്ത് മണ്ണിടിച്ചിലിനും ചെറുതും വലുതുമായ വൃക്ഷങ്ങള്‍ കടപുഴകി വീഴുന്നതിനും പാറകള്‍ താഴേക്ക് അടർന്ന് വീഴാനും സാധ്യതയുണ്ടെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്കി.
ഈ മേഖലയിലൂടെ രാത്രി യാത്ര ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കണം. അതുപോലെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഒഴിവാക്കണം.
വന മേഖലയില്‍ ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പറഞ്ഞു.