കലഞ്ഞൂര്‍: ഭക്ഷ്യോത്പന്ന നിര്‍മാണ രംഗത്തും കാറ്ററിംഗ് മേഖലയിലും പരിശോധനകള്‍ കാര്യമായി ഇല്ലാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുവെന്ന് ആക്ഷേപം.
ചെറുതും വലുതുമായ നിരവധി ഭക്ഷ്യോത്പന്ന യൂണിറ്റുകളും കരാറുകാരും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകളിലും ഭക്ഷണശാലകളിലും നടത്തുന്ന പരിശോധനകള്‍ ഇവര്‍ക്ക് ബാധകമല്ല.
പൊതുചടങ്ങുകളിലും വിവാഹ സല്‍ക്കാരങ്ങളിലും ഭക്ഷണം എത്തിക്കുകയും കടകളില്‍ വില്പനയ്ക്കായി മറ്റു ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുകയും ചെയ്യുന്ന പല സ്ഥാപനങ്ങളെയും സംബന്ധിച്ച് അധികൃതര്‍ക്കും കൃത്യമായ വിവരമില്ല.
ഇത്തരം ഭക്ഷണസാധനങ്ങള്‍ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടുകളും വെളിച്ചം കണ്ടില്ല.
കൃത്രിമ രുചിക്കൂട്ട്
ജില്ലയിലെ ചില ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകളിലെ ശുചിത്വമില്ലായ്മ, കൃത്രിമ രൂചിക്കൂട്ടുകളുടെ ഉപയോഗം ഇവ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. നിര്‍മാണ യൂണിറ്റുകള്‍ പലതിനും അംഗീകൃത പ്രവര്‍ത്തന ലൈസന്‍സുകള്‍ പോലുമില്ല.
ലക്ഷക്കണക്കിനു രൂപയുടെ വിറ്റുവരവ് ഉണ്ടെങ്കിലും ജിഎസ്ടി ഉള്‍പ്പെടെ നിലവില്‍ ഇല്ല. സര്‍ക്കാര്‍ നിരോധിത ഉത്പനങ്ങളാണ് പലയിടത്തും രുചിക്കൂട്ടുകളാകുന്നത്.
അജിനോമോട്ടോ
അജിനോ മോട്ടൊ, വിവിധ ഇനം ചൈനീസ് നിറങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നവരുമുണ്ട്. ബിരിയാണി, ഫ്രൈഡ് റൈസ്, ചൈനീസ് കറികള്‍ എന്നിവയിലാണ് കൃത്രിമത്വം ഏറെയുള്ളത്. സദ്യയ്ക്കായി ഉപയോഗിക്കുന്ന മത്സ്യത്തിന്റെ ഗുണനിലവാര പരിശോധനകളും ഉണ്ടാകാറില്ല.
മീൻകറിക്കു നിറംകൂട്ടാൻ…
മീന്‍ കറികളില്‍ ഗുണനിലവാരം കുറഞ്ഞ മുളകുപൊടി ഉപയോഗിച്ച് പാചകം ചെയ്ത ശേഷമാണ് കാശ്മീരി ചില്ലിയുടെ നിറം കിട്ടാനായി പൊടി ചേര്‍ക്കുന്നത്. ഇതോടെ മീന്‍ കറിക്ക് പ്രത്യേകം രൂചിയും മണവും നിറവും വന്നുചേരും.
വൃത്തിഹീനം
വൃത്തിഹീനമായ അന്തരീഷത്തിലാണ് പലയിടങ്ങളിലും പാചകപ്പുരകള്‍. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റോ ആരോഗ്യ വകുപ്പിന്റെ പരിശോധന സര്‍ട്ടിഫിക്കറ്റോ പലയിടങ്ങളിലും ഇല്ല.
ഹെല്‍ത്ത് കാര്‍ഡ് ഉള്ള ജീവനക്കാരല്ല പലയിടത്തും ഉള്ളത്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര പരിശോധനകളും നടക്കാറില്ല.
പരിശോധനകൾ കുറവ്
പൊതുചടങ്ങുകളിലും വിശേഷാല്‍ അവസരങ്ങളിലും ഭക്ഷണം പരിശോധനയ്ക്കെടുത്ത് വിവാദം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളും താത്പര്യം കാട്ടാത്തത് നിബന്ധനകൾ പാലിക്കാതെ നിര്‍മിക്കുന്നവര്‍ക്കും സഹായമാവുകയാണ്!