ചെറായി: ചെറായി ബീച്ചില്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 55,000 രൂപ കവര്‍ന്ന മൂന്നംഗ തമിഴ് സംഘത്തിലെ ഒരാളെ ഹോം സ്റ്റേ മാനേജരും നാട്ടുകാരും ഓടിച്ചിട്ടു പിടികൂടി മുനമ്പം പോലീസിലേല്‍പ്പിച്ചു.
ബീഹാര്‍ സ്വദേശിയായ ആഷിക് കുമാര്‍ ചൗധരിയേയും കുടുംബത്തേയുമാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തില്‍ തമിഴ്നാട് കാരൂര്‍ സ്വദേശി വിഘ്നേഷ് -26 ആണ് പിടിയിലായത്.
ബാക്കി രണ്ടുപേരെ പോലീസ് തെരയുകയാണെന്ന് കേസ് അന്വഷിക്കുന്ന മുനമ്പം സിഐ എ.എല്‍. യേശുദാസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ആഷിക് കുമാറും ഭാര്യയും കുഞ്ഞുമായി ചെറായിയിലെ ഹോം സ്റ്റേയിലെത്തിയത്. തുടര്‍ന്ന് വിശ്രമിക്കുന്നതിനിടെയാണ് മൂന്നംഗസംഘം എത്തിയത്.
ഈ സമയം ഹോം സ്റ്റേ മാനേജര്‍ സ്ഥലത്തുണ്ടായിരുന്നില്ല. മുറിയിലെത്തിയ സംഘം കഴുത്തില്‍ കത്തിവച്ചശേഷം ആദ്യം ആഷിക് കുമാറിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതെല്ലാം മുക്കുപണ്ടങ്ങളാണെന്ന് പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലെന്നറിഞ്ഞതോടെ ഗൂഗിള്‍ പേ വഴി പണം മാറ്റം ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഇതു പ്രകാരം ഇവര്‍ പറഞ്ഞ നമ്പറിലേക്ക് 55,000 രൂപ ഗൂഗിള്‍ പേ ചെയ്തു കൊടുക്കുകയായിരുന്നു. സംഭവത്തിനുശേഷം സംഘം കുടുംബത്തെ മുറിയില്‍ പൂട്ടിയിട്ട് കടന്നു കളഞ്ഞു.
സഹായത്തിനായി വിളിക്കുന്നത് അടുത്തുള്ള വീട്ടിലെ വീട്ടമ്മ കേള്‍ക്കാനിടയായതിനെ തുടര്‍ന്ന് ഇവരെത്തി മുറി തുറക്കുകയായിരുന്നു.
ഭയപ്പെട്ട കുടുംബം ഉടന്‍തന്നെ പെട്ടിയും മറ്റും എടുത്ത് ഓട്ടോയില്‍ കയറി സ്ഥലം വിടുകയും ചെയ്തു. ഇതിനിടെ സ്ഥലത്തെത്തിയ മാനേജര്‍ വിവരമറിഞ്ഞഉടനെ തസ്കര സംഘത്തെ തേടുകയായിരുന്നു.
ഈ സമയം സംഘത്തിലൊരാള്‍ ചെറായി ദേവസ്വം നടയിലെ എടിഎം കൗണ്ടറില്‍ നിന്നും പണം എടുത്ത് ഓട്ടോയില്‍ തിരികെ ബീച്ചിലേക്ക് വരുന്നത് മാനേജരുടെ ശ്രദ്ധയില്‍ പെടുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിനിടെ സ്ഥലം വിട്ട ആഷിക് കുമാറിനെയും കുടുംബത്തെയും മാനേജര്‍ വിളിച്ചുവരുത്തി പോലീസില്‍ പരാതിയും നല്കി.
പണം തട്ടിയത് അനാശാസ്യത്തിനും മദ്യപാനത്തിനും
പ്രതികളായ മൂന്നംഗ തമിഴ് സംഘം പണം തട്ടിയത് അനാശാസ്യത്തിനും മദ്യപാനത്തിനും വേണ്ടിയാണെന്ന് പോലീസ്.
ബീച്ചില്‍ അനാശാസ്യത്തിനും മദ്യപാനത്തിനുമായി എത്തിയ ഈ സംഘം ആദ്യം ഹോം സ്റ്റേയിലെത്തി മുറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാടക പറഞ്ഞപ്പോള്‍ അത്രയും തുക ഇവരുടെ പക്കല്‍ കൊടുക്കാനില്ലായിരുന്നു.
കൂടാതെ ഇവര്‍ സ്ത്രീയേയും ആവശ്യപ്പെട്ടുവത്രേ. തുടര്‍ന്ന് ഹോം സ്റ്റേ മാനേജര്‍ ഇവരെ തിരിച്ചയച്ചു. ഇതിനുശേഷമാണത്രേ ഇവര്‍ പണമുണ്ടാക്കാന്‍ പദ്ധതി ആവിഷ്കരിക്കുകയും പാളിയതോടെ പോലീസ് പിടിയിലായതും.