മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്ദൂരിന് സമീപം ഹെനുബേരുവില് തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകമെന്ന് തെളിഞ്ഞു.
ഭൂമി തട്ടിപ്പിലും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും അറസ്റ്റ് വാറണ്ട് നേരിടുകയായിരുന്ന ആള് താന്‍ മരിച്ചെന്ന് വരുത്തിത്തീര്‍ത്ത് അതില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ പദ്ധതിയൊരുക്കുകയായിരുന്നു.
തന്റെ കാറില്‍ മറ്റൊരാളിനെ ഇരുത്തി പെട്രോളൊഴിച്ച് തീ കൊളുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
കാര്‍ക്കള സ്വദേശി ആനന്ദ് ദേവാഡിഗ(55)യാണ് കൊല്ലപ്പെട്ടത്. കാര്‍ക്കള സ്വദേശികള്‍ തന്നെയായ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സദാനന്ദ ഷെറിഗാര്‍ (54), ഇയാളുടെ സഹായികളായ ശില്പ (40), സതീഷ് ദേവാഡിഗ (40), നിതിന്‍ എന്ന നിത്യാനന്ദ ദേവാഡിഗ (40) എന്നിവരെ ബൈന്ദൂര് പോലീസ് അറസ്റ്റ് ചെയ്തു.
സദാനന്ദ ഷെറിഗാര്‍ ലാൻഡ് സർവേയറാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഹെനുബേരുവിലെ വിജനമായ റോഡരികില്‍ തീപിടിച്ച കാറിനുള്ളിലെ ഡ്രൈവിംഗ് സീറ്റില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ഏറെക്കുറെ അസ്ഥികൂടം മാത്രം അവശേഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. കാറിന്റെ ഉടമസ്ഥനായ സദാനന്ദ ഷെറിഗാര്‍ തന്നെയാകാം മരിച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യധാരണ.
രക്ഷപ്പെടാനുള്ള ഒരുക്കത്തിൽ പിടിയിലായി
മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വച്ചാണ് സദാനന്ദയുടെ പേരും വിലാസവും കണ്ടെത്തിയത്.
എന്നാല്‍, മരണവിവരം അറിയിക്കാനായി പോലീസ് സംഘം എത്തുമ്പോഴേക്കും സ്ഥലത്തുനിന്നും രക്ഷപ്പെടാനുള്ള പദ്ധതി പൊളിഞ്ഞതാണ് സദാനന്ദയ്ക്ക് വിനയായത്.
സംഭവത്തിനു ശേഷം ബസില്‍ കയറി ബംഗളൂരുവിലേക്ക് തിരിച്ചിരുന്ന സദാനന്ദയും ശില്പയും വഴിക്കുവച്ച് ബസ് തകരാറിലായതുമൂലം യാത്ര മുടങ്ങി മൂടബിദ്രിയില്‍ ഇറങ്ങി കാര്‍ക്കളയിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു.
വീണ്ടും സ്ഥലംവിടാനുള്ള ഒരുക്കത്തിനിടെ ഇരുവരും പോലീസിന്റെ പിടിയിലാവുകയും ചെയ്തു.
താന്‍ മരിച്ചതായി രേഖയുണ്ടാക്കി സാമ്പത്തിക ബാധ്യതകളിലും തട്ടിപ്പുകേസുകളിലും നിന്നും രക്ഷപ്പെടാനും ശില്പയോടൊപ്പം ബംഗളൂരുവില്‍ ചെന്ന് ജീവിക്കാനുമായിരുന്നു സദാനന്ദയുടെ പദ്ധതി.
നേരത്തേ ശില്പയുടെ ആണ്സുഹൃത്തായിരുന്ന ആനന്ദിനെയാണ് ഇരയായി കണ്ടെത്തിയത്.
ശരീരപ്രകൃതിയില്‍ സദാനന്ദയുമായി സാദൃശ്യമുള്ള ആനന്ദിനെ കാറിലിട്ട് കത്തിച്ചാല്‍ മരിച്ചത് സദാനന്ദയാണെന്ന് എല്ലാവരും കരുതുമെന്നായിരുന്നു കണക്കുകൂട്ടല്‍.
ഒരു സര്‍ക്കാര്‍ ഓഫീസില്‍ മുന്‍പ് താത്കാലിക ജീവനക്കാരിയായിരുന്ന ശില്പയുടെ ബുദ്ധിയും പദ്ധതിക്ക് പിന്നില്‍ ഉണ്ടായിരുന്നതായി കരുതുന്നു. മറ്റു രണ്ടുപേരെയും ഇവര്‍ സഹായികളായി ഒപ്പം കൂട്ടിയതായിരുന്നു.
ശില്പയുടെ സഹായത്തോടെ ആനന്ദിനെ കാര്‍ക്കളയിലെ ബാറിലെത്തിച്ച് കുടിപ്പിക്കുകയും അതിനിടയില്‍ ഉറക്ക ഗുളികകള്‍ ചേര്‍ത്തു കൊടുത്ത് അബോധാവസ്ഥയിലാക്കുകയുമായിരുന്നു.
മയക്കത്തിലായ ആനന്ദിനെ കാറില്‍ കയറ്റി ബൈന്ദൂരിലെത്തിച്ചു. പിന്നീട് വിജനമായ സ്ഥലം അന്വേഷിച്ച് കണ്ടെത്തി അവിടെവച്ച് ആനന്ദിനെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തി കാറിന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
പെട്രോളിനൊപ്പം ഉള്ളിലെ മദ്യത്തിന്റെ സാന്നിധ്യം കൂടിയായതോടെ ആനന്ദിന്റെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ 12.30ന് ബൈന്ദൂരിന് സമീപം സസ്താന്‍ എന്ന സ്ഥലത്തെ ടോള്‍ ബൂത്തിലൂടെ കാര്‍ കടന്നുപോകുന്നതിന്റെയും ശില്പ അതില്‍നിന്നും ഇറങ്ങി ടോള്‍ കൊടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബൈന്ദൂര് പോലീസ് സദാനന്ദയെ അന്വേഷിച്ച് കാര്ക്കളയിലെത്തിയതാണ് രക്ഷപ്പെടാനുള്ള പ്രതികളുടെ പദ്ധതി പൊളിച്ചത്.