പാടശേഖരത്തിൽനിന്നു വെള്ളം കയറി മുങ്ങിയ വീട്. പി. മോഹനൻ.
എം. ജോസ് ജോസഫ്
കുട്ടനാട്: വെള്ളത്തിൽ ജീവിക്കുന്ന മനുഷ്യരാണ് കുട്ടനാട്ടിലുള്ളത്. എന്നാൽ, വെള്ളക്കെട്ടിൽ മുങ്ങി ജീവിതം ശ്വാസം മുട്ടുമ്പോൾ അവരെ സഹായിക്കാൻ ആരുണ്ട്?
മാറിവരുന്ന മന്ത്രിമാരും പഠനസംഘങ്ങളും സർക്കാർ പദ്ധതികളും കണ്ടും കേട്ടും കഴിയുന്നതല്ലാതെ തങ്ങളുടെ സമാധാനപൂർവമായ ജീവിതത്തിന് അനുയോജ്യമായ വിധം കുട്ടനാടിന്റെ പ്രതിസന്ധികളെ നേരിടാൻ കഴിയുന്നില്ല.
മറുവാദങ്ങൾ മാത്രം
പാടശേഖരങ്ങളില്‍ വെള്ളം കയറ്റുമ്പോള്‍ റോഡുകള്‍ മുഴുവന്‍ വെള്ളക്കെട്ടിലാകുന്നത് ഒഴിവാക്കാന്‍ നിയന്ത്രിതമായ അളവില്‍ ജലനിരപ്പു ക്രമീകരിക്കാൻ പാടശേഖരസമിതികള്‍ സമ്മതിക്കുമെങ്കിലും സമയമാകുമ്പോള്‍ അവർ കൈമലര്‍ത്തുകയാണു പതിവ്.
നിയന്ത്രിത പമ്പിംഗ് കർശനമായി നിയമം മൂലം നടപ്പാക്കിയാലേ പാടശേഖര പുറംബണ്ടുകളുടെ സംരക്ഷണ വലയത്തിനുള്ളിലുള്ള കുറെ റോഡുകളും പ്രദേശവാസികളുമെങ്കിലും, നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ടു ദുരിതങ്ങളില്‍നിന്നു രക്ഷപ്പെടുകയുള്ളു. എന്നാൽ, പല കാരണങ്ങളാൽ പാടശേഖര സമിതികൾ അതു ചെയ്യുന്നില്ല.
വേണം, ആധുനിക പമ്പിംഗ് സംവിധാനങ്ങൾ
വെള്ളക്കെട്ട് ഭീഷണി ഉയർത്തുന്ന പാടശേഖരങ്ങളിൽ സ്ഥിരം വൈദ്യുതി കണക്ഷനും ആധുനിക പമ്പ് സെറ്റുകളും ലഭ്യമാക്കണം.
വെള്ളം കയറുമ്പോൾ തേവാൻ നിൽക്കാതെ കുട്ടനാടൻ ജലനിരപ്പ് സമതുലിതമായി നിലനിർത്താൻ പാകത്തിൽ പമ്പിംഗിനുള്ള ആധുനിക സജ്ജീകരണങ്ങൾ ആവശ്യമായ മേഖലകളിൽ സ്ഥിരമായി സ്ഥാപിക്കണം.
ഇത് എവിടെയെല്ലാം എങ്ങനെയെല്ലാം തുടങ്ങിയ പരാതികളും പഠന റിപ്പോർട്ടുകളും അധികാരികൾക്കു ലഭ്യമാണ്.
തണ്ണീർമുക്കം ബണ്ട്
കുട്ടനാടൻ ജലനിരപ്പ് നിയന്ത്രണത്തിന്റെ ഭാഗമായി ബണ്ട് തുറക്കുന്നത് തണ്ണീർമുക്കം മേഖലയിലെ മത്സ്യബന്ധന- കക്കാവാരൽ തൊഴിലാളികളെ വെളളത്തിലാക്കുന്നതായുള്ള ആക്ഷേപമുണ്ട്.
ഓരുവെള്ളം കയറി രണ്ടാം കൃഷി നശിക്കുമെന്ന കാരണത്തിൽ അതിനെ ചില കർഷകരും എതിർക്കുന്നു.പ്രകൃതിയുമായി ഇണങ്ങിജീവിക്കാൻ തയാറുള്ള മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാൻ സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ കുട്ടനാട്ടുകാരുടെ ജീവിതം കൂടുതൽ ദുരിതപൂർണ മാകും.
പാടശേഖര സമിതികൾ സഹകരിക്കണമെന്ന് എംഎൽഎ
പ്രശ്നത്തെ എങ്ങനെ കാണുന്നു?
പാടങ്ങളിൽ വെള്ളം നിറയുന്നതിനാലാണ് റോഡുകളിലും വീടുകളിലും വെള്ളം കയറാൻ കാരണം. നിയന്ത്രിക്കാൻ പെട്ടിയും പുരയും സൗജന്യ കറണ്ടും കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച നിയമസഭയിലും പ്രശ്നം ഉന്നയിച്ചു. മുഖ്യമന്ത്രിക്കും കൃഷി, വൈദ്യുതി, ഇറിഗേഷൻ മന്ത്രിമാർക്കും പരാതി നൽകി. കളക്ടറുടെ നേതൃത്വത്തിൽ കൂടിയാലോചന നടത്തി വേണ്ടതു ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും.
ബണ്ട് തുറന്നാൽ പറ്റുമോ?
തണ്ണീർമുക്കം ബണ്ട്, സ്പിൽവേ, പൊഴി തുടങ്ങിയവ തുറന്നാലേ വെള്ളം പോകൂ. കൃഷി നഷ്ടമാകുന്ന കർഷകനു നഷ്ടപരിഹാരം കൊടുത്തുകൊണ്ട് ഓരുവെള്ളം കയറാൻ പാകത്തിൽ തുറക്കണം. ഉപ്പുവെള്ളം കയറുന്നത് മൊത്തത്തിൽ ശുദ്ധീകരിക്കപ്പെടാൻ നല്ലതാണെങ്കിലും അത് എത്രകണ്ട് പ്രായോഗികമാകും, കർഷകർ അംഗീകരിക്കും എന്നതൊക്കെയാണ് പ്രശ്നം.
പിന്നെന്താണ് പരിഹാരം?
കുട്ടനാട്ടിലെ വ്യത്യസ്ത പാടശേഖരങ്ങളുടെയും പ്രശ്നങ്ങൾ വ്യത്യസ്തമാണ്. 411 പാടശേഖരങ്ങളിൽ ഏതാണ്ട് നൂറിലധികം പാടശേഖരങ്ങളിലാണ് ഈ പ്രശ്നം കാര്യമായുള്ളത്. നന്നായി കല്ലുകെട്ടി തിരിച്ച് പെട്ടിയും പുരയും വച്ചു വെള്ളം നിയന്ത്രിക്കുകയാണ് മാർഗം. സി ബ്ലോക്ക് പോലുള്ള പാടശേഖരത്ത് ഒരു മോട്ടോർപുര കൊണ്ടൊന്നും ആവില്ല. പാടശേഖര സമിതിക്കാർ അവരുടെ കാര്യങ്ങൾ പറഞ്ഞ് സർക്കാർ പറയുന്നത് ഉൾക്കൊണ്ടു മുന്നോട്ടു പോയാലേ പരിഹാരമാകു.
എന്താണ് പരിമിതികൾ?
എല്ലാവർക്കും പരിമിതികളുണ്ട്. മന്ത്രിക്കും എംഎൽഎയ്ക്കും പാടശേഖര സമിതിക്കുമൊക്കെ പരിമിതികൾ ഉണ്ട്. സർക്കാർ കൃഷിക്കു പ്രാധാന്യം കൊടുക്കുന്നുണ്ട്. ഒരു കൃഷി ഒരു മീൻ പദ്ധതിയൊക്കെ ലക്ഷ്യം വയ്ക്കുന്നത് അതാണ്.
തോമസ് കെ. തോമസ് കുട്ടനാട് എംഎൽഎ