പത്തനംതിട്ട: മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ പ്രസവം.റാന്നി ചെല്ലക്കാട് സ്വദേശിനിയായ 38കാരിയാണ് കനിവ് 108 ജീവനക്കാരുടെ പരിചരണത്തിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്.
വയറുവേദനയേത്തുടർന്ന് റാന്നി എം.സി. ചെറിയാൻ മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി.
ഉച്ചയ്ക്ക് ഒന്നോടെ ആരോഗ്യനില വഷളായതിനേത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ യുവതിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് ഡോക്ടർ റഫർ ചെയ്യുകയും ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷൻ സംഗീത് സൈമൺ, ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ എന്നിവർ ഉടനെ യുവതിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് യാത്ര തിരിച്ചു.
കോട്ടയം സംക്രാന്തി എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതൽ വഷളായി. എമർജൻസി മെഡിക്കൽ ടെക്നീഷൻ സംഗീത് സൈമൺ നടത്തിയ പരിശോധനയിൽ യുവതിയുടെ ആരോഗ്യനില മോശമാണെനും പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും മനസിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
2.30ന് സംഗീതിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിനു ജന്മം നൽകി. ഉടൻ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷയും സംഗീത് നൽകി. ആംബുലൻസിൽ അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷിതരായി എത്തിച്ചപ്പോഴാണ് സംഗീതിനും രാജേഷിനും ആശ്വാസമായത്.