ഒരു കാലത്ത് ഇന്ത്യന്‍ യുവതയുടെ ആവേശമായിരുന്നു മഹിമ ചൗധരി. ഇപ്പോള്‍ നടി നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
താന്‍ അര്‍ബുദരോഗത്തെ നേരിട്ടതിനെക്കുറിച്ചും കടന്നു വന്ന വഴികളെക്കുറിച്ചുമുള്ള താരത്തിന്റെ തുറന്നുപറച്ചിലായിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു മഹിമയുടെ തുറന്നുപറച്ചില്‍.
ഷാരൂഖ് ഖാന്റെ നായികയായി ‘പര്‍ദേസ്’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മഹിമ ചൗധരിയെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു.
പര്‍ദേശിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നു. പിന്നീട് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരുപാട് കരുത്തുന്ന കഥാപാത്രങ്ങളുമായി മഹിമ ആരാധകരുടെ മുന്നിലെത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ബോളിവുഡ് താരമായ അനുപം ഖേര്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് മഹിമയുടെ രോഗത്തെക്കുറിച്ച് പ്രേക്ഷകര്‍ ആദ്യമായറിയുന്നത്.
അര്‍ബുദരോഗത്തെ മനശക്തി കൊണ്ടും, ആത്മവിശ്വാസം കൊണ്ടും കൃത്യമായ ചികിത്സ കൊണ്ടും നേരിട്ട് വിജയിച്ചവരില്‍ ഒരാളായാണ് മഹിമയിപ്പോള് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.
മഹിമ സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു എന്ന് പലര്‍ക്കും അറിവുണ്ടായിരുന്നില്ല. ചികിത്സയ്ക്ക് ശേഷം അനുപം ഖേറിനൊപ്പം പുതിയൊരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ അനുപം ഖേര്‍ തന്നെ പകര്‍ത്തിയ വീഡിയോയിലൂടെയാണ് മഹിമയുടെ അനുഭവം ഏവരും അറിഞ്ഞത്.
സെലിബ്രിറ്റികള്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുമ്പോള്‍ പലര്‍ക്കുമത് കരുത്തും പ്രചോദനവുമായി മാറിയേക്കാം.
സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത് മുതല്‍ ചികിത്സയിലൂടെ മുക്തി നേടിയത് വരെയുള്ള കാര്യങ്ങള്‍ മഹിമ വീഡിയോയിലൂടെ സൂചിപ്പിക്കുന്നുണ്ട്.
രോഗവിവരം അറിഞ്ഞപ്പോള്‍ ആദ്യം കരച്ചിലായിരുന്നുവെന്നാണ് മഹിമ തന്നെ പറയുന്നത്. പതിനേഴാം നൂറ്റാണ്ടിലെ സ്ത്രീകളെ പോലെ ഇങ്ങനെ കരയാതിരിക്കൂ എന്ന് ശാസിച്ചത് സഹോദരിയാണെന്നും തുടര്‍ന്ന് ചികിത്സയുടെ ഓരോ ഘട്ടങ്ങളിലും സഹോദരങ്ങളും ബന്ധുക്കളും നല്കിയ പിന്തുണയും മഹിമ എടുത്തുപറയുന്നു.
കൂട്ടത്തില്‍ ഇത്തരത്തില്‍ രോഗവിവരം ഏവരോടുമായി പങ്കിടാനും വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കിയതിനും അനുപം ഖേറിനും പ്രത്യേകം നന്ദി പറയുകയാണ് മഹിമ.
”കീമോതെറാപ്പിയെ തുടര്‍ന്ന് മുടി മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് പുതിയ സിനിമയില്‍ അവസരം ലഭിക്കുന്നത്. അന്ന് അനുപം ഖേറിനോട് കാന്‍സറിനെ കുറിച്ച് തുറന്ന് പറയാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും വിവരം അറിഞ്ഞപ്പോള്‍ മുടിയില്ലാതെ തന്നെ അഭിനയിക്കാമല്ലോ എന്ന് അനുപം ഖേര്‍ പറഞ്ഞു.” ഇതെല്ലാം മഹിമ വൈകാരികമായാണ് വീഡിയോയില്‍ പറയുന്നത്.
രോഗകാലത്ത് തനിക്ക് ധൈര്യം പകര്‍ന്നത് ചികിത്സാസമയത്ത് പരിചയപ്പെട്ട് മറ്റ് സ്ത്രീകളാണെന്നും അതുതന്നെയാണ് മറ്റുള്ളവരിലേക്ക് താന്‍ പകര്ന്നുനല്കാന് ആഗ്രഹിക്കുന്നതെന്നും മഹിമ സൂചിപ്പിക്കുന്നു.
മഹിമയുടെ ഈ വീഡിയോ അനുപം ഖേറും പങ്കുവച്ചിരുന്നു. ”മഹിമയുടെ ധൈര്യവും ക്യാന്‍സര്‍ എന്ന കഥയും: എന്റെ 525-ാമത്തെ ചിത്രമായ TheSignatureല്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാന്‍ ഞാന്‍ ഒരു മാസം മുമ്പ് യുഎസില്‍ നിന്ന് മഹിമ ചൗധരിയെ വിളിച്ചു. അവള്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തുന്നതിലേക്ക് ഞങ്ങളുടെ സംഭാഷണം തിരിഞ്ഞു. പിന്നീടുള്ളത് ഞങ്ങള്‍ തമ്മിലുള്ള ഈ ആത്മാര്‍ത്ഥമായ സംഭാഷണത്തിലാണ്. അവളുടെ മനോഭാവം ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കും. അതിനെക്കുറിച്ച് അവളുടെ വെളിപ്പെടുത്തലിന്റെ ഭാഗമാകാന്‍ അവള് ആഗ്രഹിച്ചു. അവള് എന്നെ ഒരു നിത്യ ശുഭാപ്തിവിശ്വാസി എന്ന് വിളിക്കുന്നു, എന്നാല്‍ പ്രിയപ്പെട്ട മഹിമ!
”നിങ്ങളാണ് എന്റെ ഹീറോ!”… സുഹൃത്തുക്കളെ! നിങ്ങളുടെ സ്നേഹവും ഊഷ്മളതയും ആശംസകളും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അവള്‍ക്ക് അയയ്ക്കുക. അവള് ഉള്‍പ്പെടുന്ന സെറ്റില്‍ ഞാനിപ്പോള്‍ തിരിച്ചെത്തി. അവള് പറക്കാന്‍ തയ്യാറാണ്. അവിടെയുള്ള എല്ലാ നിര്‍മ്മാതാക്കളും/സംവിധായകരും! അവളുടെ ധൈര്യത്തിന് പിന്തുണ ചെയ്യാനുള്ള നിങ്ങളുടെ അവസരം ഇതാ! അവള്‍ക്ക് ജയ് ഹോ .” എന്നാണ് വീഡിയോയ്ക്കൊപ്പം അനുപം ഖേര്‍ കുറിച്ചത്.