മംഗളൂരു: ബൈന്ദൂരില്‍ മധ്യവയസ്കനെ കാറിനുള്ളിലിട്ട് കത്തിച്ച സംഭവത്തിന് പ്രേരണയായത് സുകുമാരക്കുറുപ്പിന്റെ കഥ പറഞ്ഞ കുറുപ്പ് എന്ന മലയാളസിനിമയെന്ന് കര്‍ണാടക പോലീസ്.
കേസിലെ പ്രധാന പ്രതിയായ സദാനന്ദയ്ക്ക് കുറുപ്പ് സിനിമയിലേതുപോലെ ആള്‍മാറാട്ടം നടത്തി മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് കേസുകളില്‍നിന്നും രക്ഷപ്പെടാനുള്ള വഴി പറഞ്ഞുകൊടുത്തത് ബന്ധുക്കളും കൂട്ടുപ്രതികളുമായ സതീഷും
നിത്യാനന്ദയുമായിരുന്നുവെന്ന് ഉഡുപ്പി എഎസ്പി എസ്.ടി.സിദ്ധലിംഗപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രേഖകളിൽ തിരിമറി
കാര്‍ക്കളയില്‍ വര്‍ഷങ്ങളായി ലാന്‍ഡ് സര്‍വേയറായി ജോലിചെയ്യുന്ന സദാനന്ദ ചില സ്ഥലങ്ങളുടെ രേഖയില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് കേസില്‍ പെട്ടിരുന്നു.
അടുത്തുതന്നെ കോടതിയില്‍ നിന്ന് അറസ്റ്റ് വാറണ്ട് ഉണ്ടാകുമെന്ന വിവരം ലഭിച്ചതോടെ ജയിലില്‍ പോകേണ്ടിവന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു.
അപ്പോഴാണ് മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് കേസില്‍നിന്നു രക്ഷപ്പെടാമെന്ന ആശയം ബന്ധുക്കള്‍ പറഞ്ഞുകൊടുത്തത്.
കൂട്ടുകൂടി ക്രൈം
ഇതിനായി സദാനന്ദയുടെ രൂപസാദൃശ്യമുള്ള ആളിനെ കണ്ടെത്താനുള്ള ദൗത്യം സദാനന്ദയുടെ സുഹൃത്തായ ശില്പയെ ഏല്പിക്കുകയായിരുന്നു.
റവന്യൂ വകുപ്പില്‍ താത്കാലിക ജീവനക്കാരിയായിരുന്ന ശില്പ നേരത്തേ സദാനന്ദയുടെ തിരിമറികള്‍ക്ക് കൂട്ടുനിന്നിരുന്നു.
കൊല്ലപ്പെട്ട ആനന്ദിനെ ശില്പ കാര്‍ക്കളയിലെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ഉറക്കഗുളികകള്‍ കലര്‍ത്തിയ മദ്യം നല്കി സല്‍ക്കരിക്കുകയായിരുന്നു.
ആനന്ദ് അബോധാവസ്ഥയിലായതോടെയാണ് സദാനന്ദയെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് ആനന്ദിനെ കാറില്‍ കയറ്റി ബൈന്ദൂരിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കാറിലിട്ട് കത്തിച്ചത്. ഇതിനായി 9 ലിറ്ററോളം പെട്രോള്‍ നേരത്തേ കൈയില്‍ കരുതിയിരുന്നു.
ഒടുവിൽ കുറ്റബോധം
സംഭവം നടന്നതിനു ശേഷം പുലര്‍ച്ചെ രണ്ടോടെ സതീഷും നിത്യാനന്ദയും മറ്റൊരു വാഹനത്തിലെത്തി ഇരുവരേയും സംഭവസ്ഥലത്തുനിന്നു തിരിച്ചുകൊണ്ടുപോയി ബംഗളൂരുവിലേക്ക് ബസ് കയറ്റിവിട്ടിരുന്നു.
എന്നാല്‍, വഴിയില്‍വച്ച് കടുത്ത കുറ്റബോധം മൂലം മാനസികസമ്മര്‍ദത്തിലായ സദാനന്ദ ശില്പയെ നിര്‍ബന്ധിച്ച് ബസില്‍ നിന്ന് ഇറക്കി കാര്‍ക്കളയിലേക്ക് തിരിച്ചുപോവുകയായിരുന്നു.
അവിടെയെത്തുമ്പോഴേക്കും പോലീസിന്റെ പിടിയിലാവുകയും ചെയ്തു. ഒറ്റ ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാനായ ബൈന്ദൂര് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ 50000 രൂപ വീതം റിവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.