സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും പുകഞ്ഞുകത്തി ടി.പി.ചന്ദ്രശേഖരന് വധക്കേസ്. കെ.കെ.രമയും സിപിഎം നേതാക്കളും തമ്മിലുള്ള പ്രസ്താവനയുദ്ധമാണ് ടി.പി.ചന്ദ്രശേഖരന് വധകേസ് വീണ്ടും വലിയ രീതിയില്‍ ചര്ച്ചയാകാനിടയാക്കിയത്.
കെ.കെ.രമയിലൂടെ സിപിഎം അക്രമരാഷ്ട്രീയം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പ്രസ്താവനകളുമായി രംഗത്തെത്തത്തിയതോടെ വിവാദം കത്തുകയാണ്.
തിരിച്ചറിവ്
ടിപി കേസ് വീണ്ടുംചര്ച്ചയാകുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിയാക്കുമെന്ന തിരിച്ചറിവിലാണ് സിപിഎം.
കോഴിക്കോട്, കണ്ണൂർ മേഖലകളിൽ പാർട്ടിക്ക് ഇത് ഗുണകരമാകില്ലെന്നും കരുതുന്നു. എം. എം. മണിക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെ കെ.കെ.രമയ്ക്കെതിരായ പാര്‍ട്ടി നിലപാടും ഒഞ്ചിയത്തെ രാഷ്ട്രീയ കാലാവസ്ഥയും വീണ്ടും സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ചു.
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് രമയ്ക്കെതിരേ സിപിഎം രംഗത്തെത്തിയത്.
തത്കാലം മണി മാപ്പുപറയേണ്ടെന്നാണ് സിപിഎം തീരുമാനം. പ്രതിപക്ഷ സമരത്തെ രാഷ്്ട്രീയമായി തന്നെ നേരിടും.
വന്പൻ സ്രാവുകൾ?
അതേ സമയം വിഷയം ലൈവായി തന്നെ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ടി.പി.വധക്കേസ് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നിന്നുപോയെന്നും അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് എത്തിയില്ലെന്നുമുള്ള ആരോപണവുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തി.
അന്വേഷണം നേരാംവഴിക്ക് നടന്നിരുന്നുവെങ്കില്‍ വീണ്ടും അക്രമപരമ്പരയുമായി സിപിഎം വരില്ലായിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ചന്ദ്രശേഖരനെ കൊന്നിട്ടും പക തീരുന്നില്ലെന്നും മണിയുടെ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതു വേദനാജനകമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്തുണ്ട്.