കണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റിലെ കാംബസാര്‍ മുഹ്യുദീന്‍ ജുമാമസ്ജിദില്‍ ചാണകം വിതറിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരിണാവ് കച്ചേരിത്തറ കോസ്റ്റല്‍ ഗാര്‍ഡ് റോഡ് പടപ്പില്‍ ഹൗസില്‍ എം. ദസ്തകീറിനെ (52) യാണ് കണ്ണൂര്‍ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഒരുവര്‍ഷം മുമ്പ് മസ്ജിദില്‍ നിസ്കാരത്തിന് എത്തിയപ്പോള്‍ ഒരാള്‍ ദേഷ്യപ്പെട്ടിരുന്നു. ഇതില്‍ അപമാനം തോന്നിയതിനാലാണ് ചാണകം കൊണ്ടുവന്ന് മസ്ജിദിനുള്ളിൽ വിതറിയതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ പറഞ്ഞു.
സംഭവത്തിനുപിന്നില്‍ ആസൂത്രിതമായ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. മാനസിക പ്രശ്നമുള്ള ദസ്തകീർ മാത്രമാണു സംഭവത്തിന് പിന്നിലെന്നും സിസിടിവി ദൃശ്യങ്ങളില്‍ ഇതു ബോധ്യമായെന്നും അദ്ദേഹം അറിയിച്ചു.
ഇയാള്‍ക്ക് രാഷ്ട്രീയസംഘടനാ ബന്ധങ്ങളില്ല. ജുഡീഷല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) പ്രതിയെ റിമാന്‍ഡ് ചെയ്തു.
ദസ്തകീറിന്റെ വീടിന് പോലിസ് കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു മസ്ജിദിനുള്ളിൽ ചാണകം വിതറിയത്.