തീയറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ചിത്രമാണ് പഞ്ചാബിഹൗസ്. ദിലീപും ഹരിശ്രീ അശോകനും കൊച്ചിന് ഹനീഫയും ഒക്കെ നിറഞ്ഞാടിയ പഞ്ചാബിഹൗസ് എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ഹരിശ്രീ അശോകന്. രമണനായി ജീവിച്ച അശോകനാണ് ചിരിയുടെ അമിട്ടു പൊട്ടിക്കുന്നതില്‍ മുന്നില്‍ നിന്നതും.
മൊതലാളീീീീ….എന്നുള്ള വിളി മുതല്‍ ഹരിശ്രീ അശോകന് വന്ന ഒരു രംഗം പോലും ചിരിക്കാതെ കണ്ടുതീര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം അശോകന് ഒരു സത്യം വെളിപ്പെടുത്തുന്നു. ആ സിനിമയില്‍നിന്നു പ്രധാനപ്പെട്ട ഒരു സീന്‍ വെട്ടിമാറ്റി. അശോകന്റെ രമണന് എന്ന കഥാപാത്രം വളരെ വികരഭരിതനാകുന്നതാണ് വെട്ടിമാറ്റിയ രംഗം. ഒരു ടിവി പരിപാടിയിലാണ് ആ രഹസ്യം അദ്ദേഹം വെളിപ്പെടുത്തുന്നത്.
ഒരു വൈകുന്നേരും കഞ്ഞി എടുത്ത് കൈയ്യില്‍ വച്ചിട്ട് കുടിക്കാതിരിക്കുന്ന രമണന്. ഉണ്ണി പിറകിലൂടെ വന്ന് ചോദിക്കും, രമണാ നിനക്ക് എന്നോട് ദേഷ്യമാണോ. അപ്പോള്‍ രമണന് പറയും, ഞാനെന്തിനാണ് ദേഷ്യപ്പെടുന്നത്. സ്നേഹിച്ചാല്‍ ചങ്ക് പറിച്ചുകൊടുക്കുന്നവനാണ് ഈ രമണന്. ഞാനിവിടെ കിടന്ന് കഷ്ടപ്പെടുന്നത് എന്തിനാണെന്ന് നീ വിചാരിക്കുന്നുണ്ടാവും. മരിക്കാന്‍ നേരത്ത് കഞ്ഞി തന്ന ആളാണ് എന്റെ മൊതലാളി. പിന്നെ എല്ലാ വേദനയിലും ഒരു സുഖം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കും എന്ന് ഹരിശ്രീ അശോകന് പറയുന്നതാണ് രംഗം. ചിത്രത്തിലുടനീളം കോമഡി മാത്രം പറയുന്ന രമണന് പെട്ടെന്ന് സെന്റിമെന്റലായാല് പ്രേക്ഷകര്‍ എപ്രകാരം സ്വീകരിക്കുമെന്ന ഭയമാണ് സംവിധായകനായ റാഫി മെക്കാര്ട്ടിനെക്കൊണ്ട് സീന്‍ വെട്ടിക്കളയാന്‍ പ്രേരിപ്പിച്ചതെന്നും അശോകന് പറയുന്നു.