മങ്കിപോക്സ് ഭീതി സംസ്ഥാനത്ത് വ്യാപിക്കുന്നു. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയ്ക്കു പിന്നാലെ വിദേശത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെയും രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിയാരത്തുള്ള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗള്‍ഫില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്.
ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്.
ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച കുരങ്ങുപനി കേസ് യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 35 വയസുള്ള കൊല്ലം സ്വദേശി ആയിരുന്നു.
പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ രോഗം സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ ഇയാളെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.
പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പരിശോധന നടത്തിയത്.
യുഎഇയില്‍ താനുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് കുരങ്ങുപനി ബാധിച്ചതായി സ്ഥിരീകരിച്ച കാര്യം ഇദ്ദേഹം തന്നെ സ്വമേധയാ അറിയിക്കുകയായിരുന്നു.
രോഗി പറഞ്ഞതനുസരിച്ച് ഫേസ് മാസ്ക് ധരിച്ചാണ് വിമാനത്തില്‍ യാത്ര ചെയ്തതെന്നും ശരീരം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രമാണ് ധരിച്ചിരുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമാണ് രോഗം വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നതെന്നും ഈ സമയത്ത് പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.