ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനിൽ വാഹനം ചാർജ് ചെയ്യാൻ സ്മാർട്ട് ഫോണും ഇന്റർനെറ്റും നിർബന്ധമാണ്. കാറുകളുടെ ഫാസ്റ്റ് ചാർജിംഗിന് HIEV India എന്ന ആപ്പ് ഡൗണ്ലോഡ് ചെയ്യണം. അതിലെ വാലറ്റിൽ തുക നിക്ഷേപിക്കണം.
ഈ തുകയാണ് ചാർജിംഗിനു ഉപയോഗിക്കേണ്ടത്. ചാർജിംഗ് സെന്ററിലെത്തി വാഹനം കണക്ട് ചെയ്ത ശേഷം അവിടെയുള്ള ക്യുആർ കോഡ് വഴി ആപ്പിൽ കയറി ചാർജ് ചെയ്യാം.
ആപ്പ് വഴിതന്നെ തുകയും അടയ്ക്കാം. പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റിൽ ചാർജ് ചെയ്യാൻ ChargeMod എന്ന ആപ്പാണ് ഉപയോഗിക്കേണ്ടത്. ചാർജ് ചെയ്തതിന്റെ ബിൽ വാട്സാപ്പിലും ഇ-മെയിലിലും ലഭിക്കും.
മൂന്ന് അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ, 51 പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റുകൾ
കോട്ടയം: ഇലക്ട്രിക് കാറുകൾക്കും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ചാർജ് തീരുമെന്ന പേടിയില്ലാതെ ഇനി ഓടാം.
ഇലക്ട്രിക് വാഹനങ്ങൾക്ക് യാത്രയ്ക്കിടെ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ വ്യാപകമാക്കി സർക്കാർ. ജില്ലയിൽ ഇതുവരെ ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ച 51 പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റുകളും മൂന്ന് അതിവേഗ ചാർജിംഗ് സ്റ്റേഷനുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
കോട്ടയം ശാസ്ത്രി റോഡ്, പള്ളം ടിഎംആർ, മെഡിക്കൽ കോളജിനു സമീപം എന്നിവിടങ്ങളിലാണ് കാറുകൾക്കുള്ള അതിവേഗ ചാർജിംഗ് സ്റ്റേഷൻ.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പോൾ മൗണ്ടഡ് ചാർജിംഗ് പോയിന്റുകളിലും ചാർജ് ചെയ്യാം. കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം.
ഒരു ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ 60 ലക്ഷം രൂപയാണ് ചെലവ്. ഒരു സ്റ്റേഷനിൽ നാല് കാറും മൂന്ന് ഇരുചക്ര വാഹനവുമടക്കം ഏഴ് വാഹനങ്ങൾ ഒരേസമയം ചാർജ് ചെയ്യാം.
പോൾ മൗണ്ടഡ് പോയിന്റ് സ്ഥാപിക്കാൻ 32,000 രൂപയാണ് ചെലവ്.അതിവേഗ ചാർജിംഗ് സ്റ്റേഷനുകളിൽ ഇലക്ട്രിക് കാർ ഏകദേശം ഒരുമണിക്കൂറിനകം ഫുൾ ചാർജാക്കാം.
വീട്ടിൽ ചാർജ് ചെയ്യുന്പോൾ ഇതിന് ആറോ ഏഴോ മണിക്കൂറെടുക്കും. ഒരു യൂണിറ്റിന് 15 രൂപയാണ് ഈടാക്കുന്നത്. ഏകദേശം 30-35 യൂണിറ്റിൽ കാർ ഫുൾ ചാർജാകും.
ഫുൾചാർജിൽ 160-170 കിലോമീറ്റർ സഞ്ചരിക്കാനാകും. വാഹനത്തിന്റെ നിലവാരമനുസരിച്ച് കിലോമീറ്ററിൽ വ്യത്യാസം വരാം.
സ്കൂട്ടറുകൾ ഏകദേശം ഒന്നര മണിക്കൂറിൽ മുഴുവൻ ചാർജാകും. വീട്ടിലാണെങ്കിൽ നാല് മണിക്കൂറോളം എടുക്കും.
ഒരു യൂണിറ്റിന് 9.60 രൂപയാണ് ചാർജ്.
ഏകദേശം 30 യൂണിറ്റിൽ ഫുൾ ചാർജാകും. വാഹനത്തിന്റെ ക്ഷമതയനുസരിച്ച് 150 മുതൽ 200 കിലോമീറ്റർ വരെ ഫുൾ ചാർജിൽ ഓടിക്കാം.
ഇന്ധനവില കൂടുന്ന സാഹചര്യത്തിൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.
മലിനീകരണമില്ലാത്ത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ചാർജിംഗ് സ്റ്റേഷനുകൾ സജ്ജമാക്കുന്നത്.