കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചുവെന്നു സംശയിക്കുന്നവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
വിവോ ഫോണ്‍ ഉടമയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം കോൾ ഡീറ്റെയിൽസ് റിക്കാർഡ്(സിഡിആർ) പരിശോധിച്ചു തുടങ്ങി.
ഇതിനുശേഷമായിരിക്കും സംശയത്തിന്റെ നിഴലിലുള്ള ഏതാനും പേരെ ചോദ്യം ചെയ്യുക. മെമ്മറി കാർഡ് തുറന്നയാളെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഏതാനുംപേർ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണപരിധിയിലുണ്ടെന്നാണ് സൂചന.
ഫോണിൽ നിഖിൽ എന്ന പേരിൽ ഓണ്‍ലൈൻ ഗെയിം ഉപയോഗിച്ചിരുന്നു. ഈ പേര് ഫോണിന്റെ ഉടമയുടേതാണോ എന്നും പരിശോധിക്കുന്നുണ്ട്.
2021 ജൂലൈ 19നാണ് മെമ്മറികാർഡ് അവസാനം തുറന്നത്. പകൽ 12.19നും 12.54നും ഇടയിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചിട്ടുള്ളത്.
ഈ സമയം ഫോണിൽ ജിയോ സിം ആണ് ഉപയോഗിച്ചിരുന്നതെന്ന് ഫോറൻസിക് പരിശോധന ഫലം വ്യക്തമാക്കിയിരുന്നു.
ക്രൈംബ്രാഞ്ച് ഹർജി
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെകൂടി സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖ നടത്തിയ പരാമർശങ്ങളും കോടതികളുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതും പരിശോധിക്കണമെന്ന ആവശ്യമാണ് അന്വേഷണസംഘം പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്.
അതേസമയം സമയം നീട്ടി നൽകരുതെന്ന് കേസിലെ എട്ടാം പ്രതിയായ ദിലീപും ആവശ്യപ്പെട്ടിട്ടുണ്ട്.മെമ്മറി കാർഡിന്റെ ആദ്യ ക്ലോണ്‍ പകർപ്പും ഫോറൻസിക് ഇമേജും അന്വേഷണസംഘം ഇന്ന് വിചാരണ കോടതിയിൽ സമർപ്പിക്കും.
അതിജീവിതയുടെഹർജിയും ഇന്ന്
ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പലപ്പോഴായി ശ്രമിച്ചതിന് ദിലീപിന്റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യണമെന്ന അതിജീവിതയുടെ ഹർജിയും ഇന്ന് പരിഗണിക്കും.
ദിലീപിന്റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യാൻ അ്ന്വേഷണ സംഘം തയാറാകുന്നില്ലെന്നും തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് കുറ്റപത്രം നൽകാനുള്ള നീക്കം നടക്കുന്നുണ്ടെന്നും കേസ് അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നുമാണ് അതിജീവിതയുടെ ഹർജിയിലുള്ളത്.