കൊച്ചി: കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ധനമന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ (ഇഡി) നോട്ടീസ്.
നാളെ രാവിലെ പത്തിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി ) വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശത്ത് നിന്നും പണം സ്വീകരിച്ചെന്ന പരാതിയിലാണ് ഇഡിയുടെ അന്വേഷണം.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സിഇഒ, ഡെപ്യൂട്ടി സിഇഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻധനമന്ത്രിയെന്ന നിലയിൽ കിഫ്ബിയിൽ വൈസ് ചെയർമാനായി ചുമതല വഹിച്ച തോമസ് ഐസക്കിനെ ഇഡി ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നാണ് സൂചന.