അതിരന്പുഴ: കുപ്രസിദ്ധ ഗുണ്ടയെ മൂന്നാം പ്രാവശ്യവും കാപ്പാ ചുമത്തി ജയിലിലടച്ചു. അതിരന്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനി കോളനിയിൽ തൊട്ടിമാലിയിൽ അച്ചു സന്തോഷി(32) നെയാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ ജയിലിടച്ചത്.
കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ മയക്കുമരുന്ന്, ഗുണ്ടാ-ക്വട്ടേഷൻ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
ജില്ലാ പോലീസ് ചീഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മുന്പു രണ്ടു തവണ കാപ്പാ നടപടികൾ നേരിട്ടിട്ടുള്ളയാളാണ് അച്ചു സന്തോഷ്.
കഴിഞ്ഞ ഏപ്രിലിൽ കരുതൽ തടങ്കലിൽനിന്നു പുറത്തുവന്ന ശേഷം ഏറ്റുമാനൂർ, കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രിമിനലുകളുമൊത്ത് തൃശൂർ ജില്ലയിലെ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ പ്രവർത്തനത്തിനായി ചെല്ലുകയും തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം മൂന്നാമതും അറസ്റ്റിലായത്.