പത്തനാപുരം: നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിയെ റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം മുമ്മൂല സ്വദേശി അക്ഷയ് (19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ നീറ്റ് പരീക്ഷക്ക് ശേഷം പാലരുവി എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. കുര റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ റെയിൽവേ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
പാലരുവി എക്സ്പ്രസിന് കുരയിൽ സ്റ്റോപ്പില്ല. ഇത് അറിയാതിരുന്ന വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
കിളി കൊല്ലൂരിൽ എത്തിയപ്പോൾ അക്ഷയ് മാതാവിനെ ഫോണിൽ വിളിച്ചിരുന്നതായി പറയുന്നു. പിന്നീട് വീട്ടുകാർ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതേ തുടർന്ന് രാത്രിയിൽ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് രാവിലെയാണ് റെയിൽവേ ജീവനക്കാർ കൂരാ റെയിൽവേ സ്റ്റേഷനു സമീപം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്
. തുടർന്ന് റെയിൽവേ പോലീസിലും, കുന്നിക്കോട് പോലീസിലും വിവരമറിയിച്ചു. പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.