ഡോ. മാണി ജോസ് ബിഎഎംഎസ്, എംഡി (കായ ചികിത്സ)
കര്‍ക്കിടകം ഇങ്ങെത്തി. കള്ളക്കര്‍ക്കടകമെന്നും പഞ്ഞ കര്ക്കടകമെന്നും വിളിപ്പേരുള്ള ഈ മാസം മഴയും തണുപ്പും ദാരിദ്ര്യവും എല്ലാം ചേര്‍ന്ന് സമ്പത്തിലും ആരോഗ്യത്തിലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന കാലമാണ്.
എന്നാല്‍ മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്താന്‍ നമുക്ക് സമയം കിട്ടുന്ന അവസരവുമാണിത്.
കര്‍ക്കടകചികിത്സ നമുക്കു മാത്രം
ആരോഗ്യത്തിന്റെ ആധുനിക വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ കളിയാക്കി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കേരളത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഈ കര്‍ക്കടകചികിത്സ ഇല്ലല്ലോ? ഈ ചോദ്യത്തിന് മറുപടി ഒന്നേയുള്ളൂ. കര്‍ക്കടകം എന്ന മാസം നമുക്കു മാത്രമേയുള്ളൂ.
നമ്മുടെ കാലാവസ്ഥയ്ക്കനുസൃതമായി കേരളീയ വൈദ്യന്മാര് നൂറ്റാണ്ടുകളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ചികിത്സാവിധിയാണിത്.
വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും.
വേനല്‍ക്കാലം, മഴക്കാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിനൊരു കാരണമാണ്. വേനലില്‍നിന്ന് മഴയിലേക്ക് മാറുന്നതോടെ ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ക്കടകചികിത്സ നടത്തുന്നത്.
ഗുണങ്ങള്‍
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ദേഹത്തിനും പഞ്ചേന്ദ്രിയങ്ങള്‍ക്കും കര്‍ക്കടക ചികിത്സയിലൂടെ ബലം ലഭിക്കും. ശരീരകാന്തി വര്‍ധിക്കും. പ്രത്യേകിച്ച് ചര്‍മ്മത്തിന്റെ സൗന്ദര്യം, മുടിയുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും.
കോവിഡ്, മറ്റു വൈറസ് രോഗങ്ങള്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ എന്നിവയ്ക്കെതിരേ പ്രതിരോധശേഷി കൂട്ടും. വാതരോഗങ്ങള്‍, നടുവേദന, ശരീരവേദനകള്‍, സൈനസൈറ്റിസ്, കഫം, പിത്തം എന്നിവയ്ക്കെല്ലാം ശമനം കിട്ടാന്‍ കര്‍ക്കടക ചികിത്സ സഹായിക്കുന്നു.
സര്‍വോപരി ദീര്‍ഘായുസ് ആഗ്രഹിക്കുന്നവര്‍ക്കും കര്‍ക്കടകചികിത്സ ഗുണം ചെയ്യുന്നു.
സുഖചികിത്സ എങ്ങനെ?
മനുഷ്യശരീരത്തെ നിലനിര്‍ത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കര്‍ക്കടകചികിത്സ നിഷ്കര്‍ഷിക്കുന്നത്.
ആയുര്‍വേദത്തിലെ പഞ്ചകര്‍മങ്ങളില്‍ പെടുന്ന വമനം (ഛര്‍ദിപ്പിക്കല്‍), വിരേചനം (വയറിളക്കല്‍), വസ്തി, നസ്യം, രക്തമോഷം എന്നീ ശോധനാ ചികിത്സകളാണ് ഈ ചികിത്സയില്‍ പ്രധാനം.
തിരുമ്മല്‍, ധാര, ആവിക്കുളി, ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചില്‍, ശിരോധാര, അഭ്യംഗം, നസ്യം, തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയാറാക്കുന്ന മരുന്നുകഞ്ഞി സേവയും ചേരുന്നതാണ് കര്‍ക്കടകചികിത്സ. രോഗങ്ങള്ക്കനുസരിച്ചാണ് മരുന്നുകള്‍ നല്‍കുക. കര്‍ക്കടകക്കഞ്ഞി എല്ലാവര്ക്കും കഴിക്കാം.
സ്വയംചികിത്സ വേണ്ട
കര്ക്കടകമായില്ലേ, എന്നാല്‍ കുറച്ച് സുഖചികിത്സ തനിയെ ചെയ്തേക്കാം എന്നു വിചാരിച്ച് സ്വയം ചികിത്സകള്‍ ചെയ്യരുത്. കാരണം ഓരോ രോഗിക്കും വേണ്ടത് എന്തൊക്കെയാണെന്ന് നല്ലൊരു ആയുര്‍വേദ ഡോക്ടര്‍ക്കോ വൈദ്യനോ മാത്രമേ നിര്‍ണയിക്കാന്‍ കഴിയൂ.
ഉദാഹരണത്തിന് ആമവാതമുള്ള ഒരു രോഗിക്ക് എണ്ണ തേയ്ക്കാന്‍ പാടില്ല. ധാന്യാമ്ല ചികിത്സ, വൈതരണവസ്തി എന്നിവ ചെയ്തതിനു ശേഷം മാത്രമേ ആമവാത രോഗി എണ്ണ തേയ്ക്കാന്‍ പാടുള്ളൂ.
അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കും. അതുപോലെ അസിഡിറ്റി ഉള്ളവര്‍ അരിഷ്ടം കുടിക്കരുത്. മിക്കവരും കാണിക്കുന്ന വലിയ ഒരു മണ്ടത്തരമാണത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മധുരരസവും സ്നിഗ്ധഗുണവും ഉഷ്ണവീര്യവുമുള്ള ആഹാര ഔഷധങ്ങള്‍ പ്രയോഗിക്കപ്പെടണമെന്ന് ശാസ്ത്രം നിര്‍ദേശിക്കുന്നു.
ത്രിദോഷഹരങ്ങളായ പഴകിയ യവം, ഗോതമ്പ്, ഞവരയരി, ചെറുപയര്‍ തുടങ്ങിയവ പഥ്യാഹാരങ്ങളായി ഉപയോഗിക്കാം. ചികിത്സാസമയത്ത് കഠിനജോലികള് ചെയ്യരുത്. ദേഹം ഇളക്കി നടക്കരുത്. വ്യായാമം ഒഴിവാക്കാം. അമിതമായി ശരീരം വിയര്‍ക്കരുത്.
കര്‍ക്കടകക്കഞ്ഞി
സര്വാപിരോഗോമന്ദാഗ്നി എന്നാണ് ഔഷധക്കഞ്ഞിയെക്കുറിച്ചു പറയുക. ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തും, രോഗങ്ങളെ ശമിപ്പിക്കും. ഞവര അരിയാണ് ഔഷധക്കഞ്ഞിയിലെ പ്രധാന ചേരുവ. പകരം പുഴുക്കലരിയും ഉപയോഗിക്കാം.
അരികള്‍ ആറ്, ജീരകം മൂന്ന് എന്നിങ്ങനെയാണ് ഔഷധക്കഞ്ഞിയിലെ നിര്‍ദേശിച്ചിരിക്കുന്ന അടുത്ത ചേരുവകള്‍.
അരികള്‍ ആറ് എന്നു പറയുന്നതില്‍ ഏലത്തരി, കുടകപ്പാല അരി, കാര്കോകില അരി, കൊത്തമല്ലി, വിഴാലരി, ജ്യോതിഷ്മതി അരി എന്നിവയും മൂന്നു ജീരകങ്ങളില് കരിംജീരകം, പെരുംജീരകം, നല്ല ജീരകം എന്നിവയും ഉള്‍പ്പെടുന്നു. ഉലുവ, ആശാളി, ഗ്രാമ്പു, വരട്ടുമഞ്ഞള്‍, തഴുതാമ, കുറുന്തോട്ടി, കരിംകുറിഞ്ഞി , അയമോദകം എന്നിവയും കര്‍ക്കടകക്കഞ്ഞിയിലെ ഔഷധ കൂട്ടുകളാണ്.
ചിലര്‍ പാലോ തേങ്ങാപ്പാലോ ചേര്‍ക്കും. രാവിലെയോ അത്താഴത്തിനോ മരുന്നുകഞ്ഞി ഉപയോഗിക്കാം. ഏഴു ദിവസം, പതിനാലു ദിവസം, ഒരു മാസം ഇങ്ങനെ ഓരോരുത്തരുടെയും സൗകര്യമനുസരിച്ച് മരുന്നുകഞ്ഞി കുടിക്കാം. മരുന്നുകഞ്ഞി കുടിക്കുന്ന ദിവസങ്ങളില്‍ കട്ടി ആഹാരങ്ങള്‍ ഒഴിവാക്കണം.