കോട്ടയം: വടവാതൂരിൽനിന്നുള്ള ട്രെയ്ലർ ലോറികൾ എംസി റോഡിലൂടെ വിടാതെ മണർകാട്- ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ വിടണമെന്ന ആവശ്യം ശക്തമാകുന്നു.
വൈകുന്നേരം അഞ്ചിനുശേഷമാണു കോട്ടയം വടവാതൂരിലുള്ള സ്വകാര്യ കന്പനിയിൽനിന്നുള്ള ലോഡുമായി ട്രെയ്ലർ ലോറികൾ നിരനിരയായി തൃശൂർ, എറണാകുളം ഭാഗത്തേക്കു പോകുന്നത്.
ഈ സമയത്ത് എംസി റോഡിൽ കോട്ടയം മുതൽ ഏറ്റുമാനൂർ വരെ വലിയ തിരക്കും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്.
റോഡിലേക്ക് ട്രെയ്ലർ ലോറികൾ കൂടി എത്തുന്നതോടെ തിരക്ക് പതിൻമടങ്ങായി വർധിക്കും. ഇതിനുപുറമെ നാഗന്പടം, ഏറ്റുമാനൂർ ടൗണ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്.
വടവാതൂരിൽനിന്നുള്ള ലോറികൾ മണർകാട്-ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ കടത്തിവിട്ടാൽ ഒരുപരിധിവരെ എംസി റോഡിലും നാഗന്പടം, ഏറ്റുമാനൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെയും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ സാധിക്കും.
മണർകാട് ഏറ്റുമാനൂർ ബൈപ്പാസിലുടെ യാത്ര ചെയ്യുന്ന ലോറികൾക്കു തിരക്കിൽപ്പെടാതെ ഏറ്റുമാനൂരിൽ എത്തി എംസി റോഡിൽ പ്രവേശിച്ചു യാത്രതുടരാനും സാധിക്കും. ഈ ബൈപ്പാസ് നിലവിൽ ഏറ്റുമാനൂർ വരെയാണു പണി പൂർത്തിയാക്കിയിരിക്കുന്നത്.
ബൈപ്പാസിന്റെ ഏറ്റുമാനൂർ മുതൽ നിന്നും പട്ടിത്താനം വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഈ ഭാഗത്തെ നിർമാണം കൂടി പൂർത്തിയാക്കി ബൈപ്പാസ് പൂർണതോതിൽ തുറക്കുന്നതോടെ ലോറികൾക്കു ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിൽ പോലും അകപ്പെടാതെ പട്ടിത്താനത്തെത്തി എറണാകുളം ഭാഗത്തേക്കോ തൃശൂർ ഭാഗത്തേക്കോ യാത്ര തുടരാം.
എംസി റോഡിൽ ഏറ്റവും കൂടുതൽ തിരക്കും അപകട സാധ്യത ഏറിയതുമായ പ്രദേശമാണ് കോട്ടയം മുതൽ ഏറ്റുമാനൂർ വരെയുള്ളത്.
വൈകുന്നേരങ്ങളിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും ഇവിടെയാണ്. ഇക്കാര്യങ്ങൾ മുൻനിർത്തി ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് വടവാതൂരിൽനിന്നുള്ള ട്രെയ്ലർ ലോറികൾ മണർകാട്-ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ പോകുന്നതിനു ആവശ്യമായ നിർദേശങ്ങൾ നല്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.