തൃശൂര്‍: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മാനസിക നില തകരാറിൽ. സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ജയിൽ അധികൃതർ .
എറണാകുളം സബ് ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇവിടെയെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തിലാണ് സുനി ചികിത്സയിലുള്ളത്. എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ച് അപേക്ഷ തള്ളിയിരുന്നു.
ഇതോടെ സുനിയുടെ മാനസികാരോഗ്യം മോശമായതായി ജയില്‍ അധികൃതര്‍ അറിയിച്ചതായി പോലീസ് പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23 നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാര്ട്ടിന് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് സുനിയും കോടതിയെ സമീപിച്ചത്.
എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശമാകുമെന്ന സര്‍ക്കാര്‍ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിച്ചില്ലെങ്കില്‍ പ്രതിക്ക് വീണ്ടും ജാമ്യപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.