കൊച്ചി: ഡിജിറ്റല്‍ പണ ഇടപാടുകള്‍ വ്യാപകമായതോടെ ചില്ലറക്ഷാമം രൂക്ഷം. ചെറിയ തുകകളുടെ കൈമാറ്റത്തിനുപോലും ആളുകള്‍ ഡെബിറ്റ് കാര്‍ഡ്, ഫോണ്‍പേ സൗകര്യം പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറയ്ക്കും ചെറുനോട്ടുകള്ക്കും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.
200 ന്റെയും നൂറിന്റെയും നോട്ടുകള്ക്കുപോലും ദൗര്‍ലഭ്യമുണ്ട്. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളില്ലാത്ത ചെറുകിട കച്ചവടക്കാരെയാണ് ചില്ലറക്ഷാമം ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്.
മുമ്പൊക്കെ അടുത്ത കടകളിലേക്ക് വിട്ടാല്‍ ചില്ലറ ലഭിക്കുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഒരിടത്തുംതന്നെ ചില്ലറ കിട്ടാനില്ലെന്നും എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു.
ബില്‍ ഡിജിറ്റലായി അടയ്ക്കുന്നത് സ്ഥാപന ഉടമകള്‍ക്കു സ്വീകാര്യമാണെങ്കിലും നേരിട്ട് പണമായി അടയ്ക്കുന്നവര്‍ ബാലന്‍സ് പണം ഡിജിറ്റലായി സ്വീകരിക്കാന്‍ തയാറാകാറില്ല.
ബാങ്ക് എടിഎമ്മുകളില്പോലും ചെറിയ തുകകളുടെ നോട്ടുകള്‍ ലഭ്യമല്ല. 500 ന്റെയും 2,000ന്റെയും നോട്ടുകള്‍ മാത്രമാണ് പല എടിഎമ്മുകളിലും കിട്ടൂ.
ടിക്കറ്റെടുക്കുമ്പോള്‍ ചില്ലറയില്ലാത്തതിന്റെ പേരില്‍ ബസുകളില്‍പോലും ഫോണ്‍ പേയിലൂടെ ബാലന്‍സ് നല്കുന്ന കണ്ടക്ടര്‍മാരുമുണ്ട്.