സ്വന്തം ലേഖകൻ
അയ്യന്തോൾ (തൃശൂർ): നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ തൃശൂർ പടിഞ്ഞാറേ കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ വിദഗ്ധ ഡോക്ടർമാർ വിശദമായി പരിശോധിച്ചു.
തനിക്കു ഡിപ്രഷനുണ്ടെന്നാണു സുനി പറയുന്നതെങ്കിലും കാര്യമായ പ്രശ്നങ്ങൾ സുനിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമാണ് കൊച്ചിയിൽനിന്നു പൾസർ സുനിയെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.കേസിൽ ജാമ്യഹർജി സുപ്രീംകോടതി തള്ളിയതോടെ സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണു പറയുന്നത്. ഇതേത്തുടർന്നാണു ചികിത്സയ്ക്കായി തൃശൂരിൽ എത്തിച്ചത്.
ചൊവ്വാഴ്ച രാത്രി പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിലെ ജയിൽ സെല്ലിൽ സുഖമായി ഉറങ്ങിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സെല്ലിനുപുറത്ത് കാവലിനു ഗാർഡുമാരുണ്ട്. പ്രത്യേക സുരക്ഷ സുനിക്കായി ഒരുക്കിയിട്ടില്ല. വിശദപരിശോധന പൂർത്തിയായ ശേഷം ബന്ധപ്പെട്ടവർക്ക് ഇയാളുടെ മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകും.
ഏതാനും നാളുകൾക്കു മുന്പ് സുനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ പരിശോധനയ്ക്കായി കൊണ്ടുവന്നിരുന്നു. എന്നാൽ, കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നുകണ്ട് ഉടൻതന്നെ തിരിച്ചു കൊണ്ടുപോവുകയും ചെയ്തു.