ലോകത്തെ ഒട്ടുമിക്ക ആളുകളുടെയും ഒരു ആഗ്രഹമാണ് ജീവിതത്തില്‍ ഒരു തവണയെങ്കിലും വിമാനത്തില്‍ കയറുക എന്നത്.
എന്നാല്‍ വിമാനത്തില്‍ കയറാന്‍ പേടിയുള്ളവരും നമുക്കിടയിലുണ്ട്.വിമാനത്തില്‍ സഞ്ചരിക്കാനുള്ള പേടിയെയാണ് എയ്റോഫോബിയ അല്ലെങ്കില്‍ എവിയോഫോബിയ എന്നു വിളിക്കുന്നത്.
പലരിലും ഏറിയും കുറഞ്ഞുമുള്ള അവസ്ഥയില്‍ ഈ ഫോബിയ ഉണ്ടാകാറുണ്ട്. സാധാരണക്കാരില്‍ മാത്രമല്ല ലോകനേതാക്കളില്‍ വരെ ഈ പേടിയുണ്ടായിട്ടുണ്ട്.
ഇവരില്‍ വളരെ പ്രശസ്തനായിരുന്നു കിംജോങ് ഇല്. ഇപ്പോഴത്തെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാവായിരുന്നു ഇല്.
കിം ജോങ് ഉന്നിനു മുന്‍പ് 17 വര്‍ഷം ഉത്തരകൊറിയയില്‍ ഏകാധിപത്യ ഭരണം നടത്തിയത് ഇല്ലാണ്.
ഈ പേടി കാരണം വളരെക്കുറിച്ച് വിദേശയാത്രകള്‍ മാത്രമാണ് ഇല് നടത്തിയിട്ടുള്ളത്. ചൈനയിലേക്കായിരുന്നു ഇവയില്‍ അധികവും.
ആ വേളകളില്‍ വിമാനങ്ങള്‍ക്കു പകരം ബുള്ളറ്റ്പ്രൂഫ് കവചിത ട്രെയിനായിരുന്നു ഇല് ഉപയോഗിച്ചത്.
ട്രെയിനില്‍ ഒട്ടേറെ സുരക്ഷാജീവനക്കാരും അല്ലാത്ത ജീവനക്കാരുമൊക്കെയായി ഒരു വലിയ സംഘമായിട്ടായിരുന്നു ഇല്ലിന്റെ യാത്രകള്‍.
വധഭീഷണിയുള്ള തന്നെ ശത്രുക്കള്‍ വിമാനമാക്രമിച്ച് കൊലപ്പെടുത്തുമെന്ന ഭീതിയും ചെറുപ്പം തൊട്ടേ വിമാനയാത്രയോടുള്ള ഭയവുമാണ് വിമാനയാത്ര ഒഴിവാക്കാന്‍ ഇല്ലിനെ പ്രേരിപ്പിച്ചത്.
ഉത്തര കൊറിയയില്‍ പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കാറുകളും ചില അവസരങ്ങളില്‍ ബോട്ടുകളും കപ്പലുകളുമാണ് ഇല് ഉപയോഗിച്ചത്.
എന്നാല്‍ ഇല്ലിന്റെ മകന് കിമ്മിന് വിമാനയാത്രയോട് ഒരു പേടിയുമുണ്ടായിരുന്നില്ല. മാത്രമല്ല ഇല്ലിന്റെ പിതാവ് കിം ഇല് സുങും ധാരാളം വിമാനയാത്രകള്‍ നടത്തിയിരുന്ന ആളായിരുന്നു.
പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സണ്, ഹോളിവുഡ് സൂപ്പര്‍താരങ്ങളായ ബെന്‍ അഫ്ളക്ക്, സാന്ദ്രാ ബുള്ളോക്ക്, ജെന്നിഫര്‍ അനിസ്റ്റണ്‍, ജെന്നിഫര്‍ ലോറന്‍സ് തുടങ്ങിയവരെല്ലാം സമാനമായ പേടിയുള്ളവരാണ്.