കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട തെളിവുകൾ സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കുന്നത് മുൻ മന്ത്രി കെ.ടി. ജലീലിന് വീണ്ടും കുരുക്കാകും. ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ സ്വപ്ന ഉറച്ചു നിൽക്കുകയാണ്.
രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ കെ.ടി. ജലീലിന്റെ പങ്ക് വ്യക്തമാവുന്ന തെളിവുകളാണ് കോടതിൽ സമർപ്പിക്കുകയെന്ന് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രേഖകൾ വക്കീലിന് കൊടുത്തിട്ടുണ്ട്. ഇന്ന് അതു കോടതിയിൽ ഫയൽ ചെയ്യും. ആരാണ് ദേശദ്രോഹപ്രവൃത്തി ചെയ്തതെന്നു ഇതോടെ തെളിവാകും. ഒരു മന്ത്രിക്ക് ചെയ്യാൻ പാടുള്ളതാണോ അദ്ദേഹം ചെയ്തതെന്ന് ഉടൻ തെളിയുമെന്നും അവർ പറഞ്ഞു.
സ്വർണക്കടത്തിൽ എൻഐഎ എടുത്ത കേസിനെക്കുറിച്ച് പേടിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്നോട് പറഞ്ഞിരുന്നു.
കേസ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ടീമിലുള്ള കേരള പോലീസിൽ നിന്നുള്ളവരാണ് സ്വാധീനിക്കപ്പെടാൻ കഴിയുന്നവരാണ് അവരെന്നും ശിവശങ്കർ പറഞ്ഞതായി സ്വപ്ന വ്യക്തമാക്കി.
ഇഡിയിൽ വിശ്വാസമുണ്ടെന്ന് സ്വപ്ന
സ്വർണക്കടത്ത് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ സ്വാഗതാർഹമെന്ന് സ്വപ്ന സുരേഷ്.
കേരളത്തിൽ അന്വേഷണം നടന്നാൽ സത്യം തെളിയില്ലെന്ന വിഷമത്തിലായിരുന്നു. ഇഡിയിൽ പൂർണമായ വിശ്വാസമുണ്ട്. ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷ. സത്യം ഒരിക്കൽ പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു.
കേരളത്തിലാണെങ്കിൽ അന്വേഷണം തടസപ്പെടും. ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേണം ഉൾപ്പെടെയുള്ളവ നടത്തി. എന്നാൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.
കേസ് വന്നപ്പോൾ മുതൽ മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ട്. അസാധാരണമായാണ് അദ്ദേഹം പെരുമാറുന്നത്. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചു തിരിമറി നടത്തുകയാണ്.
164 മൊഴിയിൽ മുഖ്യമന്ത്രിക്കും വീണാ വിജയനും എതിരായി നൽകിയ മൊഴിയുടെ തെളിവുകൾ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നും സ്വപ്ന ആരോപിച്ചു.
കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതോടെ ഇവിടുത്തെ സിസ്റ്റന്റെ കൈയിൽ നിന്നു പോകുമെന്ന് ഉറപ്പാണ്. അതിന് വേണ്ടി താൻ കാത്തിരിക്കുകയാണ്. സത്യം പുറത്ത് വന്നു കഴിഞ്ഞാൽ കേരളത്തെ മൊത്തത്തിൽ ബാധിക്കുമെന്നും അവർ പറഞ്ഞു.
ഹർജികൾ മാറ്റി
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ സ്വപ്ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി 26 നു പരിഗണിക്കാനായി മാറ്റി. സ്വപ്നയുടെ അഭിഭാഷകന്റെ ആവശ്യത്തെത്തുടർന്നാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാൻ ഹർജികൾ മാറ്റിയത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമേ മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കർ എന്നിവർക്കും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ജൂണ് ഏഴിന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ രഹസ്യ മൊഴി നൽകിയശേഷമാണ് സ്വപ്ന മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
ഇതേത്തുടർന്ന് സ്വപ്നയ്ക്കെതിരെ കലാപശ്രമം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം കന്റോണ്മെന്റ് പോലീസും പാലക്കാട് കസബ പോലീസും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസുകൾ റദ്ദാക്കാനാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗൂഢാലോചനക്കേസുകൾ റദ്ദാക്കാൻ കഴിയില്ലെന്നും കൃത്യമായ ഗൂഢാലോചന നടത്തിയതിന് തെളിവുകളുണ്ടെന്നും ഹർജികളിൽ കഴിഞ്ഞ ദിവസം സർക്കാർ വിശദീകരണം നൽകിയിരുന്നു.